vanidevi-puraskaram

ചെന്നിത്തല: വാണീദേവി സനാതന സേവാസംഘം ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മൂന്നാമത് വാണി ദേവി പുരസ്ക്കാരങ്ങൾ ഒക്ടോബർ മൂന്ന് വൈകിട്ട് അഞ്ചിന് കാരാഴ്മ ദേവീക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവാസ ലോകത്തെ വ്യവസായികളും നിരവധി പേർക്ക് തൊഴിൽ ദാതാക്കളുമായ വിജയമോഹനൻ നമ്പൂരേത്തിന് കർമ്മശ്രേഷ്ഠ പുരസ്ക്കാരവും മുരളീധരൻനായർ ദേവീകൃപയ്ക്ക് കർമ്മകീർത്തി പുരസ്ക്കാരവും നൽകും. ജീവത എഴുന്നള്ളിപ്പു മേളത്തിൽ കാരാഴ്മ ചിട്ടയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന മേള കലാകാരൻ ബിനു ഐശ്യര്യക്ക് കലാശ്രേഷ്ഠ പുരസ്ക്കാരവും നൽകും. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങൾ.
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണവും കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ.പി.എൻ. സുരേഷ് മുഖ്യപ്രഭാഷണവും നടത്തും. ചടങ്ങിൽ ഭാഗവതാചാര്യൻ കാരാഴ്മ ശ്രീധരൻ പിള്ളയെ ആദരിക്കും. കാരാഴ്മ വേണുഗോപാൽ, രാജ് നീല, മധു വടശ്ശേരിൽ എന്നിവർ സംസാരിക്കും. രക്ഷാധികാരി ഉണ്ണികൃഷ്ണൻ നായർ അമ്പുവിളയിൽ, സെക്രട്ടറി രാധാകൃഷ്ണപിള്ള സപ്തശ്രീ, ജോ.സെക്രട്ടറി ഹരികുമാർ ശ്രാവണം, കൺവീനർ ഡോ.ജി.വേണുഗോപാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.