ആലപ്പുഴ: പുന്നമടയിലും പരിസരത്തും ഗ്രീൻ പ്രോട്ടോക്കോൾ സ്റ്റിക്കർ പതിച്ച് വലിച്ചെറിയൽ മനോഭാവത്തിന് തടയിട്ട് നെഹ്റുട്രോഫി വള്ളംകളിയെ ഹരിത ജലമേളയാക്കി ആലപ്പുഴ നഗരസഭ.
വള്ളംകളി കാണാനെത്തുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലാശയത്തിലും മറ്റും വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലും വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ കവറുകളിൽ 10 രൂപയുടെ സ്റ്റിക്കർ പതിക്കുകയും ഉപയോഗത്തിനുശേഷം പ്ലാസ്റ്റിക് കവർ തിരിച്ച് നൽകുമ്പോൾ 10 രൂപ ഉപഭോക്താക്കൾക്ക് തിരിച്ച് നൽകുകയും ചെയ്യുന്ന രീതിയാണ് നഗരസഭ ആവിഷ്‌കരിച്ചത്. പ്ലാസ്റ്റിക് കുപ്പികളും കവറുകളും ജലാശയങ്ങളിലേക്ക് വലിച്ചെറിയാതിരിക്കാനാണ് പുതിയ ആശയവുമായി നഗരസഭ മുന്നോട്ട് വന്നത്. ആലപ്പുഴ എസ്.ഡി കോളേജിലെയും യു.ഐ.ടിയിലെയും നാഷണൽ സർവീസ് സ്‌കീം സന്നദ്ധപ്രവർത്തകരാണ് സ്റ്റിക്കർ പതിപ്പിച്ചത്. രണ്ടു കോളേജുകളിൽ നിന്നുമായി 100 വിദ്യാർത്ഥികളാണ് പ്രവർത്തനങ്ങളിൽ പങ്കെടുത്തത്.