
ചാരുംമൂട് : നൂറനാട്ട് സ്ഥാപിച്ചിട്ടുള്ള ഐ.ടി.ബി.പി ബറ്റാലിയന് അനുവദിച്ച നവോദയ വിദ്യാലയത്തിന് ആവശ്യമായ അധികഭൂമി സാനിട്ടോറിയം വളപ്പിൽ തന്നെ അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. വിദ്യാലയത്തിനായി ഐടി.ബി.പി ക്കു സമീപം സംസ്ഥാന സർക്കാർ അനുവദിച്ച സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു എം.പി യുടെ പ്രതികരണം. കേന്ദ്രീയ വിദ്യാലയം തുടങ്ങുന്നതിന് 5 ഏക്കർ സ്ഥലമാണ് വേണ്ടത്. ഇതിനായി ബറ്റാലിയൻ വളപ്പിൽ മൂന്ന് ഏക്കർ 30 സെന്റ് ഭൂമിയാണ് ഉള്ളത്. അധികമായി ഒരേക്കർ 70 സെന്റ് സ്ഥലമാണ് വേണ്ടത്. ഇത് ബറ്റാലിയന് ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള സാനിട്ടോറിയത്തിന്റെ ഭൂമിതന്നെയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്. ഈ സ്ഥലം കഴിഞ്ഞ ദിവസം ഐ.റ്റി.ബി.പി-റവന്യൂ ഉദ്യോഗസ്ഥർക്കൊപ്പം എം.പി.സന്ദർശിച്ചു. നൂറനാട് വരട്ടു ചിറയോട് ചേർന്നുള്ള സ്ഥലം നിലവിൽ കാടുപിടിച്ച നിലയിലാണ്. ഈ സ്ഥലം വിദ്യാലയത്തിന്റെ ഭാഗമായുള്ള കെട്ടിട നിർമ്മാണത്തിന് പ്രയോജനപ്പെടുത്താനാവില്ലെന്നും സാനിട്ടോറിയം വളപ്പിൽ തന്നെ ഭൂമി അനുവദിക്കണമെന്നുമാണ് എം.പി. ആവശ്യപ്പെട്ടിരിക്കുന്നത്. ബറ്റാലിയൻ കമാൻഡന്റ് വിവേകുമാർ പാണ്ഡെ, ചെങ്ങുന്നൂർ ആർ.ഡി.ഒ, താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു.