
മുഹമ്മ: കുടുംബശ്രീയിലെ ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ കൃഷിചെയ്ത ആയിരക്കണക്കിന് രൂപയുടെ ചെണ്ടുമല്ലി ആവശ്യക്കാരില്ലാത്ത നശിക്കുന്നു.
ഓണം കഴിഞ്ഞതോടെ പൂക്കളുടെ ഡിമാൻഡ് കുത്തനെ ഇടിഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയായത്.
മുഹമ്മയിൽ മാത്രം അമ്പതോളം പൂക്കൃഷി ഗ്രൂപ്പുകളാണ് പ്രതിസന്ധി നേരിടുന്നത്. വിളവെടുക്കാത്തതിനാൽ പൂക്കൾ ചെടിയിൽനിന്ന് തന്നെ ചീഞ്ഞു പോകുകയാണ്. സമീപ പഞ്ചായത്തുകളിലെ പൂക്കൃഷി ഗ്രൂപ്പുകളുടെ അവസ്ഥയും ഇതുതന്നെയാണ്. ഈ രംഗത്തേയ്ക്ക് ഇനിയില്ലെന്ന് ഇതിനകം പലരും പറഞ്ഞു കഴിഞ്ഞു. സർക്കാരോ, പഞ്ചായത്തുകളോ ഇടപ്പെട്ട് പൂവ് വിറ്റഴിക്കാനുള്ള നടപടി സ്വീകരിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
നാട്ടിലെ പൂക്കൾ വേണ്ട!
ഓണവിപണി മുന്നിൽ കണ്ട് വ്യാപകമായി കൃഷി ചെയ്യുകയും പ്രതീക്ഷിച്ചതിലും കൂടുതൽ പൂക്കൾ ഉല്പാദിപ്പിക്കുകയും ചെയ്തു. തുടർച്ചയായ വളപ്രയോഗവും രണ്ട് നേരം നനച്ചും പരിപാലിച്ചതിന്റെയും ഫലമായാണ് മികച്ച വിളവ് ലഭിച്ചത്. ഓണക്കാലത്ത് പഞ്ചായത്തുതലത്തിൽ ഒരു ലക്ഷത്തോളം രൂപയുടെ പൂക്കൾ വിൽക്കാനും കഴിഞ്ഞു. എന്നാൽ,
ഓണനാളുകളിൽ തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ നിരക്കിൽ പൂക്കൾ എത്തിയതോടെയും നാട്ടിലെ
ചെണ്ടുമല്ലിയെ ആർക്കും വേണ്ടാതായി.