photo

ചേർത്തല: പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 53 പവന്റെ ആഭരണങ്ങളും 4,000 രൂപയും കവർന്നു. തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡിലെ വാഴക്കലിൽ റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ കെ.ഷാജിയുടെ വീട്ടിലാണ് കവർച്ച നടന്നത്.

വീടിന്റെ മുൻവാതിലിലെ പ്രത്യേക പൂട്ടുകൾ കമ്പിപ്പാരയടക്കമുള്ള ആയുധങ്ങൾ കൊണ്ട് തകർത്താണ് മോഷണസംഘം അകത്തുകടന്നത്. ഷാജിയുടെ മകന്റെ മുറിയിലെ പഠനമേശയിൽ സൂക്ഷിച്ചിരുന്ന പെട്ടിയിൽ നിന്നാണ് ആഭരണങ്ങൾ കവർന്നത്. പലമുറികളിലെയും അലമാരയടക്കം കുത്തിതുറന്ന് പരിശോധിച്ചിട്ടുണ്ട്. ഇതിലൊന്നിൽ നിന്നാണ് പണം കവർന്നത്. മുഹമ്മ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഫോറൻസിക് സംഘവും പൊലീസ് നായയും പരിശോധന നടത്തി.

കോട്ടയം ഇ.എസ്.ഐ ആശുപത്രിയിൽ നഴ്സായ ഭാര്യ റൂബിമോൾക്കും വിദ്യാ‌ത്ഥിയായ മകൻ വിഷ്ണുപ്രസാദിനുമൊപ്പം ക്വാർട്ടേഴ്സിലാണ് ഷാജിയുടെ താമസം. ദിവസവും രാവിലെ 9ന് തണ്ണീർമുക്കത്തെ വീട്ടിലെത്തുന്ന ഷാജി വൈകിട്ട് മടങ്ങും. 27ന് വൈകിട്ട് ആറോടെയായിരുന്നു ഷാജി വീടുപൂട്ടി കോട്ടയത്തേക്ക് പോയത്. അന്നു രാത്രി 11.30നുശേഷം കവർച്ച നടന്നതായാണ് സംശയിക്കുന്നത്. 28ന് രാവിലെ ഷാജി തിരികെ വീട്ടിലെത്തിയപ്പോഴാണ് കവർച്ചാവിവരം അറിയുന്നത്.

27ന് 11.30ന് വീടിന്റെ പിന്നിലൂടെ മൂന്നു പേർ നടന്നുപോകുന്നതായി വീട്ടിലെ സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. 12നുശേഷം വീടിനു മുന്നിലെ ക്യാമറയിലും സംഘത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. യുവാക്കളുടെ സംഘമാണെന്നാണ് സൂചന. ഇതേദിവസം സമീപത്ത് കട്ടച്ചിറയിൽ ഓട്ടോ റിക്ഷാ ഡ്രൈവറുടെ വീട്ടിൽ നിന്ന് സൈക്കിൾ മോഷണം പോയിരുന്നു. അതിനു പിന്നിലും മൂന്നംഗ സംഘമെന്നാണ് വിവരം. മുഹമ്മ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ ചേർത്തല എ.എസ്.പിക്ക് കീഴിലെ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.