
മാന്നാർ: 100 കോടി രൂപ ചെലവഴിച്ചു അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ചെങ്ങന്നൂർ ജില്ലാ ആശുപത്രി പുതിയ കെട്ടിസമുച്ചയത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി 2025 മാർച്ചിൽ ഉദ്ഘാടനം ചെയ്യും. 1943ൽ പ്രവർത്തനം ആരംഭിച്ച പഴയ ആശുപത്രി കെട്ടിടം ജീർണ്ണാവസ്ഥയിലായതോടെ മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായിട്ടാണ് പുതിയ കെട്ടിട സമുച്ചയം നിർമ്മാണം ആരംഭിച്ചത്. രണ്ടര ഏക്കർ സ്ഥലത്തിനുള്ളിൽ ഏഴുനിലകളിലായി ഒരുലക്ഷത്തി ഇരുപത്തിഅയ്യായിരം ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ ആശുപത്രിയുടെ നിർമ്മാണം. മുന്നൂറു കിടക്കകൾ, സോളാർ സംവിധാനം, ഓരോ വിഭാഗത്തിനും അത്യാധുനിക മോഡുലർ ഓപ്പറേഷൻ തീയറ്ററുകൾ എന്നിവ ഒരുക്കും. ജില്ലാ ആശുപത്രിയേയും മാതൃ-ശിശു ആശുപത്രിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന റാമ്പിന് മേൽക്കൂര നിർമ്മിക്കും. ഓഫീസ് റൂം പ്രവർത്തനത്തിന് കൂടുതൽ സ്ഥലം കണ്ടെത്തും. ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനു തീരുമാനമായിട്ടുണ്ട്.
കെട്ടിടത്തിന്റെ എല്ലാ നിലകളുടെയും നിർമ്മാണം പൂർത്തീകരിച്ചു. ഒന്നും രണ്ടും മൂന്നും നിലകളുടെ പ്ലാസ്റ്ററിംഗ് ജോലികൾ പൂർത്തീകരിച്ച് വെള്ളപൂശി. തറയോടുകൾ, അഗ്‌നിശമന സംവിധാനം, ലിഫ്റ്റ്, എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. നിർവഹണ ഏജൻസിയായ വാസ്‌കോസിന്റെ മേൽനോട്ടത്തിൽ ഹെതർ കൺസ്ട്രക്ഷൻ കമ്പിനിയാണ് നിർമ്മാണം നടത്തിവരുന്നത്. കെട്ടിട നിർമ്മാണത്തിന്റെ പുരോഗതിയും അനുബന്ധ സൗകര്യങ്ങൾ സജ്ജമാക്കുന്നതും മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം യോഗം ചേർന്നു വിലയിരുത്തി.
.......
# 2025 മാർച്ചിൽ ഉദ്ഘാടനം
രണ്ടര ഏക്കറിൽ
ഏഴ് നിലകൾ
125000 ചതുരശ്ര അടി വിസ്തീർണം
''നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കേരളത്തിലെ വലിയ ജില്ലാ ആശുപത്രികളിൽ ഒന്നായി ചെങ്ങന്നൂർ ആശുപത്രി മാറും. ചെങ്ങന്നൂരിന്റെ ആരോഗ്യ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരും
- മന്ത്രി സജി ചെറിയാൻ പറഞ്ഞു.