gghf

ആലപ്പുഴ: മന്ത്രിസ്ഥാനത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് തോമസ് കെ.തോമസ് എം.എൽ.എ പറഞ്ഞു. എൻ.സി.പി ദേശീയ നേതൃത്വം പറഞ്ഞത് നടപ്പിലാക്കണമെന്നേ തനിക്കുള്ളൂ. അതല്ലാതെ തനിക്ക് മന്ത്രിയാവണമെന്നില്ല. മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. രണ്ടര വർഷം മന്ത്രി സ്ഥാനം പങ്കിടണം എന്നത് നേരത്തെയുള്ള തീരുമാനമാണ്. മന്ത്രിസ്ഥാനം നൽകിയില്ലെങ്കിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസ്ഥാനം ഒഴിയണമെന്ന് ശരദ് പവാർ നേരിട്ട് ശശീന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി തീരുമാനം നടപ്പിലാക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ കെട്ടുറപ്പാണ് പ്രധാനം. അനാവശ്യമായ ഒരു വിവാദത്തിനും അടിസ്ഥാനമില്ല. എൻ.സി.പി എടുക്കുന്ന തീരുമാനം അറിയിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. താനും എ.കെ ശശീന്ദ്രനും പി.സി ചാക്കോയും മൂന്നിന് മുഖ്യമന്ത്രിയെ കാണും. പാർട്ടി തീരുമാനം മുഖ്യമന്ത്രി അംഗീകരിക്കും. സി.പി.എമ്മിന്റെ വോട്ടുണ്ടെങ്കിലേ കുട്ടനാട്ടിൽ ജയിക്കാൻ കഴിയൂ എന്നും എൽ.ഡി.എഫിനൊപ്പമായിരിക്കുമെന്നും യു.ഡി.എഫിലേക്ക് പോകില്ലെന്നും തോമസ് കെ.തോമസ് വ്യക്തമാക്കി.