ഹരിപ്പാട്: ചിങ്ങോലിയിൽ കുട്ടികളടക്കം ആറോളം പേരെ തെരുവു നായ കടിച്ചു .ഒന്നും രണ്ടും വാർഡുകളിലെ താമസക്കാരെയാണ് നായ ആക്രമിച്ചത്. വടക്കേ ഇടവനയിൽ ദേവഗോവിന്ദ്, കൊട്ടാരത്തിൽ അജിത്ത്, ശിവശക്തിയിൽ വിമല, ഉണ്ണികൃഷ്ണൻ മങ്ങാട്ട്, കൃഷ്ണവിലാസത്തിൽ യദുകൃഷ്ണൻ തുടങ്ങിയവർക്കാണ് കടിയേറ്റത്. രാവിലെ ഒമ്പതരയോടെ ആറര വയസുകാരൻ ദേവഗോവിന്ദിനെയാണ് ആദ്യം അക്രമിച്ചത്. വൈകിട്ടും സന്ധ്യയോടെയുമാണ് അജിത്ത്, വിമല, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർക്ക് കടിയേൽക്കുന്നത്. രാത്രി ഒമ്പതോടെയാണ് യദുകൃഷ്ണനെ കടിച്ചത്. കടിയേറ്റവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. കറുത്ത നിറമുളള നായയാണ് അക്രമകാരിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിന് പേവിഷബാധയേറ്റിരിക്കാമെന്ന് സംശയമുണ്ട്. രാവിലെ വന്ദികപ്പള്ളിക്ക് സമീപമുളള കടയ്ക്കു മുന്നിൽ നിന്നവരെ മറ്റൊരു നായ ആക്രമിച്ചിരുന്നു.