ചാരുംമൂട് : ഗ്രാമപഞ്ചായത്തംഗത്തെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിക്കാട്ടുകുളങ്ങര ടൗൺ വാർഡ് മെമ്പർ അഡ്വ.എം ബൈജുവിനെ തലയ്ക്കടിച്ച കേസിൽ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹക്കിംഷായാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി9.30 ഓടെയായിരുന്നു സംഭവം. സംഭവത്തെപ്പറ്റി നൂറനാട് പൊലീസ് പറയുന്നത് : ഡി.വൈ.എഫ്.ഐയിൽ നിന്ന് മുമ്പ് പുറത്താക്കിയ ചിലരുടെ നേതൃത്വത്തിൽ ആദിക്കാട്ടുകുളങ്ങരയിൽ ക്ളബ് രൂപീകരിക്കുന്നതിനായി കമ്മിറ്റി വിളിച്ചുചേർത്തിരുന്നു. കമ്മിറ്റിയിൽ ഡി.വൈ.എഫ്.ഐ അംഗങ്ങളായ ചിലരും പങ്കെടുക്കാനെത്തിയതായി വിവരം ലഭിച്ച ബ്രാഞ്ച് സെക്രട്ടറി അവരെ കമ്മിറ്റിയിൽ നിന്നും പിന്തിരിപ്പിച്ചു. ഇതിന് പിന്നാലെ അതുവഴി വരികയായിരുന്ന പഞ്ചായത്തംഗം ബൈജു ആൾക്കൂട്ടം കണ്ട് കാര്യം അന്വേഷിക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന ഹക്കിം ഷാ ഗ്ളാസ് ഉപയോഗിച്ച് തലയ്ക്ക് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ബൈജുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.