ആലപ്പുഴ : മുഖ്യമന്ത്രിയ്ക്കും സി.പി.എമ്മിനുമെതിരെ തുറന്ന പോരിനിറങ്ങിയ പി.എ.അൻവർ എം.എൽ.എയുടെ ആരോപണങ്ങൾ ജില്ലയിലെ സി.പി.എം ബ്രാഞ്ച് , ലോക്കൽ, ഏരിയാ സമ്മേളനങ്ങളെ പ്രക്ഷുബ്ദമാക്കും. 80 ശതമാനത്തിലധികം ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയായ ആലപ്പുഴയിൽ നൂറനാട് ടൗൺ ബ്രാഞ്ച് സമ്മേളനം പി.വി അൻവറുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെയും ലോക്കൽ കമ്മിറ്റിസെക്രട്ടറിയ്ക്കെതിരായ പരാതികളുടെയും അടിസ്ഥാനത്തിൽ മാറ്റിവച്ചു.

ഞായറാഴ്ചയായിരുന്നു സമ്മേളനം. ബ്രാഞ്ച് സമ്മേളന പ്രതിനിധികളിലൊരാൾ ലോക്കൽ നേതൃത്വത്തിനെതിരായ അഭിപ്രായ ഭിന്നതകളും പരാതികളും ഉന്നയിക്കുന്നതിനിടെ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളെ ന്യായീകരിക്കുക കൂടി ചെയ്തതാണ് സമ്മേളന നടപടികൾ അലങ്കോലമാക്കിയത്. പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായ ഇവിടെ പ്രവർത്തകർ ചേരിതിരിഞ്ഞതോടെ സമ്മേളനം നിയന്ത്രിക്കാനെത്തിയ ഏരിയാ കമ്മിറ്റിയംഗം നൽകിയ താക്കീതും അംഗീകരിക്കാതെ വന്നപ്പോഴാണ് സമ്മേളന നടപടികളും സെക്രട്ടറി തിരഞ്ഞെടുപ്പും മാറ്റിവച്ചത്.

പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റി നേതൃത്വത്തിനെതിരെ ഇവിടുത്തെ വിവിധ ബ്രാഞ്ചുകളിൽ നിന്നായി പരാതികൾ ഏരിയ, ജില്ലാ ഘടകങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പരാതികൾ പരിഹരിക്കുന്നതിനും ലോക്കൽ സമ്മേളനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടും ജില്ലാ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ ഉടൻ ചാരുംമൂട് ഏരിയാകമ്മിറ്റിയോഗം ചേരും.