സ്വത്തുക്കൾ തിരികെ വേണമെന്ന് 196 പേർ
ആലപ്പുഴ : മക്കളുടെ സ്നേഹവും കരുതലും കിട്ടാതെ പരാതിയുമായി ആലപ്പുഴ ആർ.ഡി.ഒ ഓഫീസിൽ എത്തിയത് 450ഓളം വൃദ്ധമാതാപിതാക്കൾ . ഒരു നേരത്തെ ആഹാരത്തിനോ മരുന്നിനോ നിവൃത്തിയില്ലാത്തവരും വീടുകളിൽ നിന്ന് ആട്ടിയിറക്കപ്പെട്ടവരും ഉൾപ്പടെയാണ് ഓഫീസുകളുടെ വരാന്ത കയറിയിറങ്ങുന്നത്. പക്ഷേ, പരാതിക്ക് പരിഹാരം ഒച്ചിഴയും വേഗത്തിലാണെന്ന് മാത്രം.
ആർ.ഡി ഓഫീസുകളിൽ ഒരു ടെക്നിക്കൽ അസിസ്റ്റന്റിനെയും അനുരഞ്ജനത്തിന് അര ഡസനോളം ഓഫീസർമാരെയും (കൺസീലിയേഷൻ ഓഫീസർ) സാമൂഹ്യനീതിവകുപ്പ് നിയമിച്ചിട്ടുണ്ടെങ്കിലും എതിർകക്ഷികൾക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നതുപോലും പരാതി കഴിഞ്ഞ് ആഴ്ചകളും മാസങ്ങളും കഴിഞ്ഞാണ്. ആലപ്പുഴ ആർ.ഡി.ഒ ഓഫീസിൽ മാസങ്ങളായി പരാതി പരിഹാത്തിനുള്ള കൺസീലിയേഷൻ ഓഫീസർമാരില്ലാതിരുന്നതാണ് അപേക്ഷകളിൽ നടപടികൾ വൈകാൻ കാരണമായത്. രണ്ടാഴ്ച മുമ്പ് കൺസീലിയേഷൻ ഓഫീസർമാരായി നാലുപേരെ നിയമിച്ചെങ്കിലും പരാതിപരിഹാരം ഒച്ചിഴയും വേഗത്തിലാണ്.
എതിർകക്ഷികൾ ഹിയറിംഗിന് യഥാസമയം ഹാജരാകാത്തതാണ് നടപടികൾ വൈകാൻ കാരണം. പ്രായമായ മാതാപിതാക്കൾക്ക് സംരക്ഷണം നൽകാൻ കൂട്ടാക്കാത്തവരിൽ നിന്ന് സ്വത്തുക്കൾ തിരികെ വീണ്ടെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് 196 അപേക്ഷകളും പരിഗണനയിലുണ്ട്. സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രവാസികളും മുതൽ കൂലിപ്പണിക്കാർ വരെയാണ് എതിർകക്ഷികളായുള്ളത്.
അദാലത്തുകൾ മുറപോലെ,
കുറയാതെ പരാതികൾ
1. മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി മെയിന്റനൻസ് ആൻഡ് വെൽഫെയർ ഒഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺ ആക്ട് പ്രകാരം 2007 മുതലാണ് സംസ്ഥാനത്ത് നടപടികൾ ആരംഭിച്ചത്
2. വീട്ടുകാർ ഉപേക്ഷിക്കുന്ന വൃദ്ധർക്ക് ആഹാരം, പാർപ്പിടം, വൈദ്യസഹായം എന്നിവ നൽകണമെന്നും പരാതി ലഭിച്ചാൽ ബന്ധുക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് വ്യവസ്ഥ.
3. ആർ.ഡി.ഒമാരുടെ നേതൃത്വത്തിൽ മെയിന്റനൻസ് ട്രൈബ്യൂണലും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ അപ്പലേറ്റ് ട്രൈബ്യൂണലുമുണ്ടെങ്കിലും പരാതികൾക്ക് കുറവില്ല
4. വർഷത്തിൽ ഒന്നോരണ്ടോ അദാലത്തുകൾ നടത്താറുണ്ടെങ്കിലും കൂടുതൽ പരാതികൾ പരിഹരിക്കപ്പെടുന്നില്ല. ആലപ്പുഴയിൽ ഈമാസം 7നും14നും എസ്.ഡി.വി സ്കൂൾ സെന്റിനറി ഹാളിൽ അദാലത്തുകൾ നടത്തും
കഴിഞ്ഞ വർഷം
ആകെ പരാതികൾ: 1025
പരിഗണിച്ചത് : 764
അപ്പീൽ പോയത്: 163
തീർപ്പായത്: 227
പരാതികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈമാസം രണ്ട് അദാലത്തുകൾ നടത്താനാണ് തീരുമാനം. കൺസീലിയേഷൻ ഓഫീസർമാരെ നിയോഗിച്ചശേഷം രണ്ടാഴ്ചയായി 34 പരാതികളിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്
--ആർ.ഡി ഓഫീസ്, ആലപ്പുഴ
ഇന്നു നാം അനുഭവിക്കുന്ന എല്ലാ നന്മയ്ക്കും സന്തോഷത്തിനും കാരണക്കാരായ മാതാപിതാക്കളെ ചേർത്തുപിടിക്കണം. മാതാപിതാക്കളുടെ സംരക്ഷണമാണ് നല്ല സംസ്‌കാരം എന്ന് തിരിച്ചറിവ് മക്കൾ ആർജിക്കണം
- ചന്ദ്രദാസ് കേശവ പിള്ള , സാമൂഹ്യ പ്രവർത്തകൻ (വയോജന സംരക്ഷണനിയമത്തിനായി പ്രവർത്തിച്ചയാൾ)