ഹരിപ്പാട് : മന്ത്രി നിർദ്ദേശിച്ചിട്ടും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ മുഖംതിരിച്ചതോടെ വീയപുരം ഇരതോട് കണ്ണമ്മാലി പ്രദേശത്തെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം ഇനിയും അകലെ. 2023 ജൂൺ മാസത്തിൽ നവകേരള സദസ്സിന്റെ ഭാഗമായി ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ കൃഷി വകുപ്പു മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ്, നിരണം പഞ്ചായത്തിലെ ഇരതോട് ഉപരിതല ജല സംഭരണിയിൽ നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള വീയപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ പൈപ്പ് ലൈനിലേക്ക് കണക്ഷൻ നൽകി പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ഒരാഴ്ചക്കകം നടപടി സ്വീകരിക്കാൻ വാട്ടർ അതോറിട്ടി അസി.എക്സിക്യുട്ടിവ് എൻജിനിയർക്ക് മന്ത്രി നിർദ്ദേശം നൽകിയത്.

എൽ.ഡി.എഫ് ഭരണം നടത്തുന്ന വീയപുരം ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് പി.എ.ഷാനവാസ് നിവേദനം നൽകിയതിനെത്തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ. തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാസങ്ങൾക്ക് മുമ്പ് വീണ്ടും മന്ത്രിയെ സമീപിച്ചിരുന്നു . അടുത്ത ജില്ലാ അവലോകന യോഗത്തിൽ ചർച്ച ചെയ്ത് ജലവിതരണത്തിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും മാസങ്ങൾ പിന്നിടുമ്പോഴും പദ്ധതി നടപ്പായില്ല.

മന്ത്രി പറഞ്ഞിട്ടും അനങ്ങാതെ ഉദ്യോഗസ്ഥർ

 വീയപുരം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ വീയപുരം ഇരതോട് കണ്ണമ്മാലി പ്രദേശത്ത് വർഷങ്ങളായി കുടിവെള്ളം കിട്ടാക്കനിയാണ്

 നദിയിലേയും തോടുകളിലേയും മലിനജലം ഉപയോഗിച്ച് വിവിധ തരം രോഗങ്ങൾ ബാധിച്ചവർ ഇവിടെയുണ്ട്

 ജലവിതരണത്തിന് നടപടി സ്വീകരിച്ചാൽ കുടിവെള്ള പ്രതിസന്ധിയ്ക്ക് പരിഹാരം മാത്രമല്ല മാറാരോഗങ്ങളുടെ പിടിയിൽ നിന്നും മുക്തി നേടാനും കഴിയും

 നിരണം പഞ്ചായത്തിലെ ഇരതോട് സംഭരണിയിൽ നിന്ന് 100 മീറ്റർ മാത്രമാണ് വീയപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ പൈപ്പ് ലൈനിലേക്കുള്ള അകലം

പ്രശ്ന പരിഹാരം എളുപ്പം

ആലപ്പുഴ,പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വീയപുരം ഇരതോട് പാലത്തിനോട് ചേർന്ന് നിരണം പഞ്ചായത്തിലുള്ള ഉപരിതല ജലസംഭരണിയിൽ നിന്ന് തോട് മറികടന്ന് വീയപുരം രണ്ടാം വാർഡിലൂടെ കടന്നുപോകുന്ന ജലവിതരണ പൈപ്പിലേക്ക് കണക്ഷൻ നൽകിയാൽ ഒരു പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരമാകും.വർഷത്തിൽ 12 മാസവും ശുദ്ധജലം സുലഭമായി ലഭിക്കുന്നതാണ് നിരണത്തെ ജല സംഭരണി.

മലിന ജലം അമിതമായി ഉപയോഗിച്ച് ക്യാൻസർ , വൃക്ക , കരൾ രോഗങ്ങൾ ബാധിച്ച നിരവധി പേർ പ്രദേശത്തുണ്ട്

- പ്രദേശവാസികൾ