മാന്നാർ : സാമൂഹിക -സാംസ്‌കാരിക -പാരിസ്ഥിതിക സംഘടനയായ മിലൻ 21ന്റെ 6-ാമത് വാർഷികാഘോഷം വാർഷിക പൊതുയോഗം, രണസമിതി- അഡ്വൈസറി ബോർഡ് തിരഞ്ഞെടുപ്പ്, വിവിധ കലാപരിപാടികൾ എന്നിവയോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാന്നാർ ടൗണിൽ (എസ്.ബി.ഐക്ക് സമീപം) രാവിലെ 10ന് നടക്കുന്ന വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സുഭാഷ് ചന്ദ്രബോസ് നിർവ്വഹിക്കും. വൈസ്‌ചെയർമാൻ എം.എ.ഷുക്കൂർ സ്വാഗതവും ജനറൽ സെക്രട്ടറി ഡോ.ഒ.ജയലക്ഷ്മി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചക്ക് 2.30 മുതൽ മിലൻ കലാ-സംസ്‌കൃതിയുടെ കലാവിരുന്ന് നടക്കും. തുടർന്ന് വൈകിട്ട് 4ന് ചെയർമാൻ പി.എം.എ ലത്തീഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സുഭാഷ് ചന്ദ്രബോസ് മുഖ്യ പ്രഭാഷണം നടത്തും. പരിസ്ഥിതി രംഗത്തെ സംഭാവനകളെ മാനിച്ച് ഡോ. സുഭാഷ് ചന്ദ്രബോസിനെയും ഹരതകർമ്മ സേനയേയും ചടങ്ങിൽ ആദരിക്കും. വൈകിട്ട് 5.30 മുതൽ കലാപരിപാടികൾ. മിലൻ 21 ഭാരവാഹികളായ പി.എം.എ ലത്തീഫ്, എം.എ. ഷുക്കൂർ, ഡോ.ഒ.ജയലക്ഷ്മി, മധു പുഴയോരം, കെ.വേണുഗോപാൽ, എൻ.പി. അബ്ദുൽ അസീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.