ചേർത്തല: അടച്ചിട്ട വീട്ടിൽ നിന്ന് 53 പവനും 4000രൂപയും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. വീട്ടിലെ സി.സി ടി.വി നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. മുഖം മറച്ചിരുന്നതിനാൽ കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾക്കായി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശ്രമം തുടങ്ങി.
യുവാക്കളായ മൂന്നംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. ചേർത്തല -തണ്ണീർമുക്കം , തണ്ണീർമുക്കം -ആലപ്പുഴ ,തണ്ണീർമുക്കം -കോട്ടയം റോഡുകൾ കേന്ദ്രീകരിച്ചും കായൽ കേന്ദ്രീകരിച്ചുമുള്ള സി.സി ടി.വി കാമറകൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സൈബർ സെല്ലിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ചുളള പരിശോധനകളും തുടങ്ങിയിട്ടുണ്ട്. 27ന് രാത്രി കവർച്ച നടന്ന സമയത്തും തുടർന്നും സജീവമായിരുന്ന മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള പരിശോധനകളാണ് പ്രധാനമായി നടക്കുന്നത്. വൈകാതെ കവർച്ചാസംഘം വലയിലാകുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മുഹമ്മ പൊലീസ് ഇൻസ്പക്ടർ ലൈസാദ് മുഹമ്മദ് പറഞ്ഞു.
ജില്ലയിലെ വമ്പൻ കവർച്ച
തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ആറാംവാർഡിൽ വാഴക്കൽ റിട്ട. ആരോഗ്യവകുപ്പു ഉദ്യോഗസ്ഥൻ കെ.ഷാജിയുടെ വീട്ടിലാണ് കവർച്ച നടന്നത്. 30ലക്ഷത്തിനുമേൽ വില വരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. ഇത് സമീപകാലത്ത് ജില്ലയിൽ നടന്ന വലിയ കവർച്ചയായിട്ടാണ് പൊലീസ് വിലയിരുത്തൽ. സംസ്ഥാനത്തെ സമാന കവർച്ചകളും ഇതര സംസ്ഥാന സംഘത്തിന്റെ കവർച്ചാരീതികളുമെല്ലാം പരിശോധിച്ചാണ് പൊലീസ് അന്വേഷണം. വീടിനെ നന്നായി അറിയാവുന്നവരുടെ സാന്നിദ്ധ്യവും പരിശോധിക്കുന്നുണ്ട്.