a

ന്യൂഡൽഹി: പ്രതിപ്പട്ടികയിലുണ്ടെന്ന് പറഞ്ഞ് ഒരാളുടെ വീട് ഇടിച്ചുനിരത്താനാകില്ലെന്ന് സൂപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിൽ ബുൾഡോസർ നീതി നടപ്പാക്കുന്നെന്ന ഹ‌ർജികൾ പരിഗണിക്കവെയാണ് ജസ്റ്രിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പ്രധാന നിരീക്ഷണം നടത്തിയത്.

കുറ്രവാളിയാണെന്ന് വിധിച്ചാലും വീട് ഇടിച്ചുനിരത്തുന്നതിനോട് യോജിക്കുന്നില്ല. അനധികൃത നിർമ്മാണങ്ങൾ പൊളിച്ചനീക്കാനും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണം. ഒരച്‌ഛന് വഴിതെറ്റിയ മകനുണ്ടെങ്കിൽ അതിന്റെ പേരിൽ വീട് തകർക്കാമോ?​. ബുൾഡോസർ നീതിയെ കുറിച്ച് പരാതിയുയരുന്ന സാഹചര്യത്തിൽ മാർഗരേഖ പുറത്തിറക്കും. കക്ഷികൾക്ക് നിർദ്ദേശം കൈമാറാം. രണ്ടാഴ്ചയ്‌ക്കു ശേഷം വീണ്ടും പരിഗണിക്കും.

കുറ്റവാളിയായതു കൊണ്ടല്ല വീട് ഇടിച്ചുനിരത്തുന്നതെന്ന് ഉത്തർപ്രദേശിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. അനധികൃത നിർമ്മാണത്തിന് നോട്ടീസ് അടക്കം നൽകി നടപടിയെടുക്കുകയായിരുന്നു. എന്നാൽ, 2022ലെ ഡൽഹി കലാപത്തിന് പിന്നാലെ പ്രതികളുടെ വീടുകൾ ഇടിച്ചനിരത്തിയെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹരിയാന,​ രാജസ്ഥാൻ,​ മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഹർജികൾ എത്തിയിരുന്നു.