a

ന്യൂഡൽഹി: ഇന്ത്യൻ വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ പാക് ഭീകരർക്ക് നെറ്റ്ഫ്ലിക്സ് വെബ് സീരീസിൽ ഹിന്ദു നാമങ്ങൾ. സംഭവം വിവാദമായതോടെ,​ നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെർഗിലിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ വാർത്താ വിനിമയ മന്ത്രാലയം ആവശ്യപ്പെട്ടു. 'ഐസി 814: ദി കാണ്ഡഹാർ ഹൈജാക്ക് ' എന്ന സീരീസ് ടെലികാസ്റ്റിംഗ് കഴിഞ്ഞയാഴ്ചയാണ് തുടങ്ങിയത്.

വിമാനം തട്ടിയെടുത്ത ഹർകത്ത്-ഉൽ-മുജാഹിദീൻ ഭീകരർക്ക് ഭോല, ശങ്കർ എന്നീ ഹിന്ദു നാമങ്ങളാണ് നൽകിയത്. ജനവികാരത്തെ വിലകുറച്ച് കാണിക്കാൻ ആർക്കും അവകാശമില്ലെന്നും ഇന്ത്യയുടെ സംസ്‌കാരം എപ്പോഴും ബഹുമാനിക്കപ്പെടണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

അതേസമയം,​ ഭീകരർ പരസ്‌പരം ആശയവിനിമയം നടത്തിയത് ഹിന്ദു അപരനാമങ്ങൾ ഉപയോഗിച്ചാണെന്നും അത് അതേപടി പകർത്തിയെന്നുമാണ് സംവിധായകൻ അനുഭവ് സിൻഹയുടെ വിശദീകരണം. ചീഫ്, ഡോക്ടർ, ബർഗർ എന്നീ അപരനാമങ്ങളും ഭീകരർ ഉപയോഗിച്ചിരുന്നു.

മാദ്ധ്യമപ്രവർത്തകൻ ശ്രിൻജോയ് ചൗധരിയും അന്നത്തെ വിമാനത്തിന്റെ ക്യാപ്റ്റൻ ദേവി ശരണും ചേർന്നെഴുതിയ 'ഫ്ലൈറ്റ് ഇൻടു ഫിയർ: ദി ക്യാപ്റ്റൻസ് സ്റ്റോറി' എന്ന പുസ്തകത്തെ ആധാരമാക്കി നിർമ്മിച്ചതാണ് വെബ് സീരീസ്.

വിട്ടുകൊടുത്തത്

കൊടുംഭീകരനെ

 പാക് ഭീകരരായ ഇബ്രാഹിം അക്തർ, ഷഹീദ് അക്‌തർ സയ്യിദ്, അഹമ്മദ് ക്വാസി, മിസ്ട്രി സഹൂർ ഇബ്രാഹിം, ഷാക്കിർ എന്നിവരാണ് 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിയെടുത്തത്

 150ലേറെ യാത്രക്കാരെ ബന്ദികളാക്കി ഭീകരർ നടത്തിയ വിലപേശലിനെ തുടർന്ന് കൊടുംഭീകരൻ മസൂദ് അസർ ഉൾപ്പെടെ 3 പേരെ ഇന്ത്യയ്ക്ക് ജയിലിൽ നിന്ന് വിട്ടയയ്ക്കേണ്ടി വന്നു

 ജമ്മുവിലെ കോട് ബൽവാൽ ജയിലിലായിരുന്നു മസൂദ്. ജയിലിൽ തുരങ്കമുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിച്ച് പരാജയപ്പെട്ടു. തുടർന്നാണ് കൂട്ടാളികൾ കാഠ്മണ്ഡു- ഡൽഹി വാമനം റാഞ്ചിയത്

 പാകിസ്ഥാൻ അഭയം നൽകിയ മസൂദ് തൊട്ടടുത്ത വർഷം ജയ്ഷെ മുഹമ്മദ് എന്ന കൊടുംഭീകര സംഘടന രൂപീകരിച്ചു. ഇന്ന് ലഷ്കർ പോലെ ഇന്ത്യയ്ക്ക് തലവേദനയാണ് ജയ്ഷെയും

ഹിന്ദുക്കളാണ് വിമാനം തട്ടിയെടുത്തതെന്ന് പുതുതലമുറ കരുതുന്ന സാഹചര്യം വെബ്സീരീസ് വരുത്തിവച്ചു

അമിത് മാളവ്യ,​

ബി.ജെ.പി ഐടി സെൽ മേധാവി