
ന്യൂഡൽഹി : ആംആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാറിന് സുപ്രീംകോടതി ജാമ്യം. ഇരയ്‌ക്ക് ചെറിയ പരിക്ക് മാത്രമുള്ള കേസിൽ നൂറുദിവസത്തിലേറെയായി പ്രതി കസ്റ്റഡിയിൽ കഴിയുന്നു. ഇതിൽ കൂടുതൽ ജയിലിലിടാനാകില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിചാരണയ്‌ക്കും കാലതാമസമെടുക്കുമെന്ന് ബോദ്ധ്യമായി. 51ൽപ്പരം സാക്ഷികളെ വിസ്‌തരിക്കാനുണ്ട്. വിചാരണ തീരും വരെ ബിഭവ് പേഴ്സണൽ സെക്രട്ടറി സ്ഥാനം വഹിക്കാനോ കേജ്‌രിവാളിന്റെ വസതിയിൽ കയറാനോ പാടില്ലെന്നാണ് ജാമ്യ വ്യവസ്ഥ. മേയ് 13ന് കേജ്‌രിവാളിന്റെ വസതിയിൽ ആക്രമണത്തിനിരയായെന്നാണ് സ്വാതിയുടെ പരാതി. ബിഭവ് മുഖത്തടിച്ചെന്നും ആരോപിച്ചിരുന്നു.