a

ന്യൂഡൽഹി : ഹരിയാന - പഞ്ചാബ് അതിർത്തിയായ ശംഭുവിൽ സമരം തുടരുന്ന കർഷകരെ കേൾക്കാനും,​ പരിഹാരം കണ്ടെത്താനും ഉന്നതാധികാര സമിതി രൂപീകരിച്ച് സുപ്രീംകോടതി.

പഞ്ചാബ് - ഹരിയാന ഹൈക്കോടതി മുൻ ജഡ്‌ജി നവാബ് സിംഗാണ് അദ്ധ്യക്ഷൻ. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ദേശീയപാതയിൽ നിരത്തിയിട്ടിരിക്കുന്ന ട്രാക്‌ടറുകളും ട്രോളികളും മാറ്രുന്നതിന് കർഷകരുമായി സമിതി ചർച്ച നടത്തണം. അധികൃതർ നിർദ്ദേശിക്കുന്ന മറ്റൊരിടത്തേക്ക് സമരവേദി മാറ്റുന്നത് കർഷകർക്ക് തീരുമാനിക്കാം. പൊലീസ് ബാരിക്കേഡുകൾ ഘട്ടംഘട്ടമായി നീക്കണമെന്നാണ് സുപ്രീംകോടതി നിലപാട്.

കാർഷികവിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമനിർമ്മാണം കൊണ്ടുവരിക, കാ‌ർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഡൽഹി ചലോ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ശംഭു അതിർത്തിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി മുതലാണ് കർഷകർ തമ്പടിച്ചിരിക്കുന്നത്.

സമരത്തിൽ

രാഷ്ട്രീയം വേണ്ട

 പാർശ്വവത്കരിക്കപ്പെട്ടവരും ദരിദ്രരുമായ വലിയൊരു വിഭാഗം കർഷകരുണ്ട്

 അതിനാലാണ് നിഷ്‌പക്ഷ സമിതി രൂപീകരിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കി

 സമരം രാഷ്ട്രീയവത്കരിക്കരുത്. രാഷ്ട്രീയപ്പാർട്ടികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം