
ന്യൂഡൽഹി: അഭിഭാഷകരുടെ കോടതി ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരമുറകൾ നിയമവിരുദ്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി. ഉത്തർപ്രദേശ് ഫൈസാബാദ് ബാർ അസോസിയേഷനിലെ ഒരു വിഭാഗം അഭിഭാഷകർ 2023 നവംബർ മുതൽ 2024 ഏപ്രിൽ വരെയുള്ള സമയത്ത് 66 ദിവസം അഭിഭാഷക ജോലികളിൽ നിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടിയാണ് പരാമർശം. ഇത് അധാർമ്മികമാണ്. നീതിനിർവഹണ സംവിധാനത്തെ തടസപ്പെടുത്തുന്നതാണ്. കോടതികളെ ആശ്രയിക്കാനുള്ള കക്ഷികളുടെ അവകാശം ലംഘിക്കുന്നതാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്തരം പ്രവൃത്തി ചെയ്യുന്നവർ അഭിഭാഷകവൃത്തി ചെയ്യാൻ യോഗ്യരല്ലെന്നും കൂട്ടിച്ചേർത്തു. അഭിഭാഷകർ സമരത്തിലായിരുന്നില്ലെന്ന് ഫൈസാബാദ് ബാർ അസോസിയേഷൻ വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല. എല്ലാ ഭാരവാഹികളും സത്യവാങ്മൂലം സമർപ്പിക്കണം. ഭാവിയിൽ സമരത്തിൽ ഏർപ്പെടില്ലെന്ന് അവിടുത്തെ അഭിഭാഷകർ എഴുതിനൽകണമെന്നും നിർദ്ദേശിച്ചു. സെപ്‌തംബർ 13ന് വീണ്ടും പരിഗണിക്കും.