
ന്യൂഡൽഹി: ഇംഗ്ളീഷിന് പുറമെ മലയാളം അടക്കം 11 ഭാഷകളിൽ എം.ബി.ബി.എസ് കോഴ്സ് പഠിപ്പിക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളുമായി പുതിയ പാഠ്യപദ്ധതി ദേശീയ മെഡിക്കൽ കമ്മിഷൻ പുറത്തിറക്കി. ഇംഗ്ലീഷ് ഭാഷയ്‌ക്കൊപ്പം 2024-25 അദ്ധ്യയന വർഷം മുതൽ ആസാമീസ്, ബംഗ്ലാ,ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് ഭാഷകളിലും കോഴ്സ് പഠിക്കാനും പരീക്ഷ എഴുതാനും കഴിയും.
ഫൗണ്ടേഷൻ കോഴ്സ്: വിദ്യാർത്ഥികളെ എം.ബി.ബി.എസ് കോഴ്സിന് പ്രാപ്തരാക്കുന്നതിനാവശ്യമായ അറിവ്, ആശയവിനിമയം (ഇലക്ട്രോണിക് ഉൾപ്പെടെ), സാങ്കേതിക വിജ്ഞാനം, ഭാഷാ വൈദഗ്ദ്ധ്യം തുടങ്ങിയവ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഫൗണ്ടേഷൻ കോഴ്സും നിർബന്ധം.
 ഓരോ അദ്ധ്യയന വർഷത്തിലും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട തീയതികൾക്കപ്പുറം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കരുത്. പ്രസ്തുത തീയതിക്ക് ശേഷം പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെ പുറത്താക്കും. ബിരുദം ലഭിക്കില്ല.
 പുതിയ പാഠ്യപദ്ധതി കൂടുതൽ വിദ്യാർത്ഥി-രോഗി കേന്ദ്രീകൃതവും ലിംഗഭേദമില്ലാത്തതും. പരിസ്ഥിതിക്ക് അനുയോജ്യമായ വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകുന്നു. ആഗോള പ്രവണതകളുമായി യോജിപ്പിച്ച്, ആധുനിക ആരോഗ്യ സംരക്ഷണത്തിന്റെ വെല്ലുവിളികളെ നേരിടാൻ ബിരുദധാരികളെ പ്രാപ്തരാക്കൽ ലക്ഷ്യം.
 എയ്റ്റ്കോം: (ആറ്റിറ്റ്യൂഡ്, എത്തിക്സ്, കമ്മ്യൂണിക്കേഷൻ), ധാർമ്മിക മൂല്യങ്ങൾ, രോഗികളുടെ ആവശ്യങ്ങളോടുള്ള പ്രതികരണശേഷി, ആശയവിനിമയ കഴിവുകൾ എന്നിവ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന വിവരങ്ങളും പഠിപ്പിക്കും.
 രോഗികളോട് സഹാനുഭൂതിയും മറ്റ് മാനുഷിക മൂല്യങ്ങളും പുലർത്താൻഡോക്ടർമാരെ പരിശീലിപ്പിക്കുന്ന ഘടകങ്ങളും പാഠ്യപദ്ധതിയിൽ.
നെക്‌സ്റ്റ് -1 പരീക്ഷ
2025-26 അദ്ധ്യയന വർഷം മുതൽ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് പി.ജി കോഴ്സ് പ്രവേശത്തിനുള്ള നാഷണൽ എക്‌സിറ്റ് ടെസ്റ്റ്(നെക്‌സ്റ്റ് -1 പരീക്ഷ) 2025-26 അദ്ധ്യയന വർഷത്തിൽ ആരംഭിക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ അറിയിച്ചു. എം.ബി.ബി.എസ് കോഴ്സിന്റെ 54-ാം ആഴ്ചയിലാകും നെക്‌സ്റ്റ് -1 പരീക്ഷ. നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാകുന്ന 12-ാം മാസത്തിൽ നെക്‌സ്റ്റ് - 2 പരീക്ഷയും നടക്കും. ഇന്ത്യയിൽ മോഡേൺ മെഡിസിൻ പരിശീലിക്കുന്നതിനുള്ള ലൈസൻസും രജിസ്ട്രേഷനും ലഭിക്കുന്നതിന് നെക്‌സ്റ്റ് - 2 പരീക്ഷ പാസാകേണ്ടതുണ്ട്.
ഓപ്പൺ യൂണിവേഴ്സിറ്റിയുടെ
ആദ്യ ഓപ്പൺ ബുക്ക് പരീക്ഷ 8ന്
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദ്യ ഓപ്പൺ ബുക്ക് പരീക്ഷ 8ന് നടക്കും. പരീക്ഷയുടെ ഓപ്പറേഷൻ മാന്വൽ മന്ത്രി ആർ. ബിന്ദു ഇന്ന് സെക്രട്ടേറിയറ്റിലെ നവകൈരളി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.
ഒരു ഓപ്പൺ യൂണിവേഴ്സിറ്റി ഓപ്പൺ ബുക്ക് പരീക്ഷ നടത്തുന്നത് ഇന്ത്യയിൽ ആദ്യമാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ മാതൃകാ പരീക്ഷ വിജയകരമായി ആഗസ്റ്റ് 13 ന് നടന്നിരുന്നു. 8 ന് കേരളത്തിലെ വിവിധ ജില്ലകളിലെ 14 കേന്ദ്രങ്ങളിൽ ആദ്യ ഓപ്പൺ ബുക്ക് പരീക്ഷ നടത്തും.
ഓപ്പൺ ബുക്ക് പരീക്ഷ നടത്താൻ, പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജെയിംസ് നൽകിയ വിശദമായ നിർദ്ദേശത്തിന് സർവകലാശാല അക്കാഡമിക് കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു. ബിരുദാനന്തര ബിരുദ തലത്തിലെ പ്രോഗ്രാമുകളിൽ രണ്ടാം സെമസ്റ്ററിലെ ഫൗണ്ടേഷണൽ സ്കിൽസ് ഫോർ റിസർച്ച് ആൻഡ് റൈറ്റിംഗ്സ് എന്ന കോഴ്സിലാണ് ഇപ്പോൾ ഓപ്പൺ ബുക്ക് പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്കായി മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാനും മേൽനോട്ടം വഹിക്കാനും കേരള സർവകലാശാല മുൻ സീനിയർ പ്രൊഫസർ ഡോ. അച്യുത് ശങ്കർ എസ്. നായർ അദ്ധ്യക്ഷനായ വിദഗ്ദ്ധസമിതിയെ യൂണിവേഴ്സിറ്റി നിയമിച്ചിട്ടുണ്ട്. റെസ്ട്രിക്റ്റഡ് ടൈപ്പ് ഓപ്പൺ ബുക്ക് പരീക്ഷയാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. സർവകലാശാല പഠിതാക്കൾക്ക് തയ്യാറാക്കി നൽകിയിരിക്കുന്ന സെൽഫ് ലേണിംഗ് മെറ്റീരിയൽ പരീക്ഷ ഹാളിൽ റഫറൻസിനായി കൊണ്ടുവരാം.