ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രൂണെയിലെത്തി. സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ ക്ഷണപ്രകാരം എത്തിയ മോദിക്ക് തലസ്ഥാനമായ ബന്ദർ സെരി ബെഗവാനിൽ ആചാരപരമായ സ്വീകരണം നൽകി. ബ്രൂണെ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
ഇന്ന് ബോൾകിയയുമായി (78) നടത്തുന്ന കൂടിക്കാഴ്ചയിൽ ബഹിരാകാശ സഹകരണം അടക്കം ചർച്ച ചെയ്യും.
സുൽത്താന്റെ മൂത്ത മകനും കിരീടാവകാശിയും മന്ത്രിയുമായ ഹാജി അൽ മുഹതാദി ബില്ല വിമാനത്താവളത്തിൽ മോദിയെ സ്വീകരിച്ചു. സന്ദർശനത്തിലെ ആദ്യപരിപാടിയായി ബന്ദർ സെരി ബെഗവാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ പുതിയ ചാൻസറി മോദി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബ്രൂണെയിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. ബ്രൂണെ സുൽത്താന്റെ പിതാവിന്റെ പേരിലുള്ള മുഗൾ വാസ്തുവിദ്യ സമന്വയിക്കുന്ന പ്രശസ്തമായ ഒമർ അലി സൈഫുദ്ദീൻ മസ്ജിദ് മോദി സന്ദർശിച്ചു.
സുൽത്താനുമായുള്ള കൂടിക്കാഴ്ചയിൽ ബഹിരാകാശം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് മുഖ്യ അജണ്ട. 2000-ൽ ഇന്ത്യ ബ്രൂണെയിൽ ഒരു ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് സ്റ്റേഷൻ സ്ഥാപിച്ചിരുന്നു. ഇന്ത്യയും ബ്രൂണൈയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 40-ാം വാർഷികം പ്രമാണിച്ചാണ് മോദിയുടെ ചരിത്ര സന്ദർശനം.