
ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പ്രതിയാക്കി സി.ബി.ഐ സമർപ്പിച്ച കുറ്രപത്രം ഡൽഹി റോസ് അവന്യു കോടതി സ്വീകരിച്ചു. ഇതോടെ, കേസ് വിചാരണാനടപടികളിലേക്ക് കടക്കും. കേജ്‌രിവാളിനെയും കൂട്ടുപ്രതിയായ ആം ആദ്മി പാർട്ടി എം.എൽ.എ ദുർഗേഷ് പതക് തുടങ്ങിയ പ്രതികളെയും വിചാരണ ചെയ്യാൻ ആവശ്യമായ തെളിവുകളുണ്ടെന്ന് ജഡ്‌ജി കാവേരി ബവേജ വ്യക്തമാക്കി. പ്രതിപ്പട്ടികയിലുള്ള ഇടനിലക്കാരൻ വിനോദ് ചൗഹാൻ, ആശീഷ് മാഥുർ, വ്യവസായി ശരത് റെഡ്‌ഡി എന്നിവർക്ക് ഉൾപ്പെടെ സമൻസ് അയക്കാൻ ഉത്തരവിട്ടു. തീഹാർ ജയിലിൽ പാർപ്പിച്ചിരിക്കുന്ന കേജ്‌രിവാളിനെ ഈ 11ന് വീഡിയോ കോൺഫറൻസ് മുഖേന ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസിൽ ഡൽഹി മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ ആവശ്യമായ പ്രോസിക്യൂഷൻ അനുമതി സി.ബി.ഐ ഹാജരാക്കിയിരുന്നു.
കേജ്‌രിവാൾ മുഖ്യ സൂത്രധാരൻ
കേജ്‌രിവാൾ കോഴയിടപാടിന്റെ മുഖ്യ സൂത്രധാരനാണെന്ന് ജൂലായ് 29ന് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഇടപാടിലെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവുണ്ടെന്നും വാദിച്ചു.
കേജ്‌രിവാൾ ആം ആദ്മി പാർട്ടിക്ക് വേണ്ടി ഫണ്ട് ആവശ്യപ്പെട്ടെന്ന് സി.ബി.ഐ
മദ്യവ്യാപാരിയായ എം. ശ്രീനിവാസുലു റെഡ്‌ഡിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്‌തു
ബി.ആർ.എസ് നേതാവ് കെ. കവിതയെ കാണാൻ മദ്യവ്യാപാരിയോട് നിർദ്ദേശിച്ചു
സൗത്ത് ഗ്രൂപ്പിൽ നിന്ന് 100 കോടിയോളം രൂപ ആം ആദ്മി നേതാക്കൾക്ക് ലഭിച്ചു