
ന്യൂഡൽഹി : ഡി.എം.കെ എം.എൽ.എയും മുൻ മന്ത്രിയുമായ വി. സെന്തിൽ ബാലാജിക്കെതിരെയുള്ള അഴിമതി കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി. വിചാരണക്കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ പര്യാപ്‌തമല്ലെന്ന് തെളിയിക്കുന്ന ഒന്നും തങ്ങളുടെ മുന്നിലില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്രിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സെന്തിൽ ബാലാജിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകാൻ തമിഴ്നാട് ഗവർണർ വൈകിയതിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ഏഴുമാസമെടുത്തത് എന്തിനെന്ന് കോടതി ആരാഞ്ഞു. 2011-2015 കാലയളവിൽ ട്രാൻസ്‌പോർട്ട് മന്ത്രിയായിരിക്കെ നിയമനങ്ങളുമായി ബന്ധപ്പെട്ട് സെന്തിൽ കോഴ വാങ്ങിയെന്നാണ് ആരോപണം. ഇതിൽ ഇരയായവരാണ് കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്.