e

ന്യൂഡൽഹി : മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം അനുവദിച്ചാൽ ഡൽഹി ഹൈക്കോടതിയുടെ മനോവീര്യം തകരുമെന്ന് സി.ബി.ഐ സുപ്രീംകോടതിയിൽ. വാദത്തെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോട് അങ്ങനെ പറയരുതെന്നും ഒരു അഭിഭാഷകനും ഇങ്ങനെയൊരു വാദമുഖം ഉന്നയിക്കാൻ പാടില്ലെന്നും

കോടതി പ്രതികരിച്ചു. ഡൽഹി ഹൈക്കോടതി മെറിറ്റിൽ പരിഗണിച്ച് തള്ളിയ വിഷയമായതിനാലാണ് പറയേണ്ടി വന്നതെന്ന് അഡിഷണൽ സോളിസിറ്റർ മറുപടി നൽകി. സി.ബി.ഐ കേസിലെ അറസ്റ്ര് ചോദ്യം ചെയ്‌തും ജാമ്യം ആവശ്യപ്പെട്ടും കേജ്‌രിവാൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഇന്നലെ വിശദമായി വാദം കേട്ട കോടതി, ഹർജികൾ വിധി പറയാൻ മാറ്റി. അടുത്ത ചൊവ്വാഴ്ച വിധി പറഞ്ഞേക്കുമെന്നാണ് സൂചന. ഇ.ഡി കേസിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ സി.ബി.ഐ കേസിൽ സ്വീകരിക്കുന്ന നിലപാട് കേജ്‌രിവാളിന് നി‌ർണായകമാണ്. കഴിഞ്ഞ ജൂൺ 26നാണ് സി.ബി.ഐ അന്വേഷണസംഘം കേജ്‌രിവാളിന്റെ അറസ്റ്ര് രേഖപ്പെടുത്തിയത്.

 കൊമ്പുകോർത്ത്

ഇ.ഡി കേസിലെ ജയിൽമോചനം തടയാൻ 'ഇൻഷുറൻസ് അറസ്റ്റ്' നടപ്പാക്കുകയായിരുന്നു സി.ബി.ഐയെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. 2022 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്‌ത കേസിൽ രണ്ടുവർഷത്തോളം കാത്തിരുന്ന ശേഷമാണ് നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അറസ്റ്റ്. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയാണ്. ജാമ്യം അനുവദിച്ചാൽ രാജ്യം വിടുന്ന സാഹചര്യമില്ലെന്നും സിംഗ്‌വി വാദിച്ചു. ജാമ്യത്തിനായി ആദ്യം ഡൽഹി ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ച കേജ്‌രിവാളിന്റെ നടപടിയെ സി.ബി.ഐ ചോദ്യം ചെയ്‌തു. വിചാരണക്കോടതിയെ ആണ് ആദ്യം സമീപിക്കേണ്ടിയിരുന്നതെന്ന് സി.ബി.ഐ അറിയിച്ചപ്പോൾ, കേജ്‌രിവാളിനെ പാമ്പും കോണിയും കളിക്ക് വിധേയനാക്കുകയാണോ ഉദ്ദേശ്യമെന്ന് സിംഗ്‌വി തിരിച്ചു ചോദിച്ചു.