
ന്യൂഡൽഹി: പ്രസിഡന്റ് തർമൻ ഷൺമുഖം അടക്കം ഇന്ത്യൻ വംശജർ ഏറെയുള്ള സിംഗപ്പൂരുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ച് രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യയിലേക്ക് നിക്ഷേപം ആകർഷിക്കാൻ സിംഗപ്പൂരിൽ ഇൻവെസ്റ്റ് ഇന്ത്യ ഓഫീസ് സ്ഥാപിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. തമിഴ്‌വംശജരെ കണക്കിലെടുത്ത് തിരുവള്ളുവർ സാംസ്‌കാരിക കേന്ദ്രവും സ്ഥാപിക്കും. വാണിജ്യ വ്യവസായ സഹകരണവും വിമാന സർവീസുകളും വർദ്ധിപ്പിക്കാനും ധാരണയായി സുപ്രധാന മേഖലകളിൽ നാല് കരാറുകളും ഒപ്പിട്ടു.
ആസിയാൻ കൂട്ടായ്മയിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയായ സിംഗപ്പൂരുമായി ചേർന്ന് ഏഷ്യയെ ശക്തിപ്പെടുത്താനുള്ള ചർച്ചകളാണ് പ്രധാനമന്ത്രി നടത്തിയതെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. തന്ത്രപരമായ പങ്കാളിത്തം, ഇരു രാജ്യങ്ങളിലെയും യുവജനങ്ങളുടെ ഭാവി, സമാധാനം, പ്രതിരോധ, സമുദ്ര സഹകരണം എന്നിവയും ചർച്ചയായി. പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നം, പ്രധാനമന്ത്രി ലോറൻസ് വോംഗ് എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള എല്ലാ തലങ്ങളും ചർച്ച ചെയ്തെന്ന് മോദി എക്സിൽ കുറിച്ചു. നൈപുണ്യ വികസനം, സുസ്ഥിരത, സാങ്കേതികവിദ്യ, ഇന്നൊവേഷൻ, കണക്റ്റിവിറ്റി തൊഴിൽ വൈദഗ്ദ്ധ്യം, ആരോഗ്യ സംരക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിലെ സഹകരണം ചർച്ച ചെയ്‌തു.
പാർലമെന്റിൽ സ്വീകരണം
സിംഗപ്പൂർ പാർലമെന്റ് മന്ദിരത്തിൽ മോദിക്ക് ആചാരപരമായ സ്വീകരണം ലഭിച്ചു. പ്രധാനമന്ത്രി ലോറൻസിന്റെയും മോദിയുടെയും നേതൃത്വത്തിൽ മന്ത്രിതല സംഘം കൂടിക്കാഴ്ച നടത്തി. മുതിർന്ന മന്ത്രി ലീ സിയാൻ ലൂംഗിന്റെ ഉച്ചഭക്ഷണ വിരുന്നിലും മോദി പങ്കെടുത്തു.
സി.ഇ.ഒയുമാരുമായി കൂടിക്കാഴ്ച
ബ്ലാക്ക്‌സ്റ്റോൺ സിംഗപ്പൂർ, ടെമാസെക് ഹോൾഡിംഗ്‌സ്, സെംബ്‌കോർപ്പ് ഇൻഡസ്ട്രീസ്, ക്യാപിറ്റലാൻഡ് ഇൻവെസ്റ്റ്‌മെന്റ്, എസ്.ടി ടെലിമീഡിയ ഗ്ലോബൽ ഡാറ്റാ സെന്റർ, സിംഗപ്പൂർ എയർവേയ്‌സ് തുടങ്ങിയ കമ്പനികളുടെ മേധാവികളുമായി മോദി നിക്ഷേപ സാദ്ധ്യതകൾ ചർച്ച ചെയ്തു. ഡൽഹിയിൽ 11ന് തുടങ്ങുന്ന സെമികോൺ പ്രദർശത്തിലേക്ക് സി.ഇ.ഒമാരെ മോദി ക്ഷണിച്ചു.