iu

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 67 അംഗ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ഹരിയാന ബി.ജെ.പിയിൽ പൊട്ടിത്തെറി.ഹരിയാന ഊർജ മന്ത്രി രഞ്ജിത് സിംഗ് ചൗട്ടാല,രതിയ എം.എൽ.എ ലക്ഷ്മൺ നാപ എന്നിവർ രാജിവച്ചു. സഹമന്ത്രി ബിഷംബർ സിംഗ് ബാൽമികി, മുൻ മന്ത്രിമാരായ കരൺ ദേവ് കാംബോജ്, കവിതാ ജെയിൻ, എം.പി സാവിത്രി ജിൻഡാൽ എന്നിവർ കലാപക്കൊടിയുയർത്തി.രാജിവച്ച രഞ്ജിത് സിംഗ് റാനിയയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് അറിയിച്ചു. ഇദ്ദേഹത്തിന് ബി.ജെ.പി ദബ്‌വാലിയിൽ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും റാനിയയ്ക്കായി വാശി പിടിച്ചാണ് രാജിവച്ചത്. ഐ.എൻ.എൽ.ഡി മേധാവിയും മുൻ മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാലയുടെ സഹോദരനാണ്. 2014ൽ കോൺഗ്രസ് ബാനറിൽ മത്സരിച്ച് തോറ്റ ഇദ്ദേഹം 2019 ൽ റാനിയയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പിയിൽ ചേർന്ന് ഹിസാറിൽ മത്സരിച്ച് പരാജയപ്പെട്ടു.റാതിയ സീറ്റിൽ സുനിത ദുഗ്ഗലിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് രാജിവച്ച ലക്ഷ്മൺ നാപ കോൺഗ്രസിൽ ചേരും.മണ്ഡലത്തിൽ ജയ സാദ്ധ്യതയുണ്ടായിട്ടും അവഗണിച്ചെന്നാണ് പരാതി.കോൺഗ്രസ് ടിക്കറ്റ് തന്നില്ലെങ്കിലും സമുദായത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുമെന്ന് നാപ പറഞ്ഞു.വാത്‌മീകി സമുദായത്തിനുള്ളിൽ സ്വാധീനമുള്ള മന്ത്രി ബിഷംബർ സിംഗ്,​ സിറ്റിംഗ് സീറ്റായ ബവാനി ഖേരയിൽ പരിഗണിക്കാത്തതിനെ ചൊല്ലി പ്രതിഷേധത്തിലാണ്. തന്നെ അവഗണിച്ചതിന് വാത്മീകി സമൂഹം ബി.ജെ.പിക്ക് തക്ക മറുപടി നൽകുമെന്നാണ് ബിഷംബറിന്റെ വാദം. ടിക്കറ്റ് നിഷേധിക്കപ്പെട്ട മുൻ മന്ത്രി കരൺ ദേവ് കാംബോജ് ബി.ജെ.പി ഒ.ബി.സി മോർച്ചാ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. സോണിപത് സീറ്റ് നിഷേധിച്ചതോടെയാണ് മുൻമന്ത്രി കവിതാ ജെയിൻ പ്രതിഷേധവുമായി രംഗത്തെത്തിയത്.