police

ന്യൂഡൽഹി: സ്വർണക്കടത്തുക്കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി അജിത് കുമാർ ശ്രമിച്ചെന്ന് എച്ച്.ആർ.ഡി.എസ് ഇന്ത്യ സന്നദ്ധ സംഘടനയുടെ സെക്രട്ടറി അജി കൃഷ്‌ണൻ. 2022ൽ കേസിലെ പ്രതി സ്വപ്‌നയ്‌ക്ക് അവിടെ ജോലിയുണ്ടായിരുന്ന കാലത്ത് ഷാജ് കിരൺ എന്ന വ്യക്തി പാലക്കാട്ടെ ഓഫീസിൽ എത്തിയിരുന്നു. മുഖ്യമന്ത്രിയെയും മകളെയും കുറിച്ചുള്ള വെളിപ്പെടുത്തലുകൾ തടയുകയായിരുന്നു ഉദ്ദേശ്യം. ഉടനെ മറുപടി പറയണം എന്ന് സ്വപ്‌നയോട് ഷാജ് കിരൺ ആവശ്യപ്പെട്ടു.

എ.ഡി.ജി.പി അജിത് കുമാർ ഷാജ് കിരണിനെ നിരന്തരം മൊബൈലിൽ വിളിക്കുന്നുണ്ടായിരുന്നു. സ്വപ്‌നയെ ആ ഫോൺകാളുകൾ ഷാജ് കിരൺ കാണിക്കുകയും ചെയ്‌തു. മറുപടി തരൂയെന്ന് പറഞ്ഞ് സ്വപ്‌നയെ ഭീഷണിപ്പെടുത്തി. സ്വപ്‌നയെ നിശബ്‌ദയാക്കാനുള്ള എല്ലാ ശ്രമവും എ.ഡി.ജി.പിയുടെ ഭാഗത്തു നിന്നുണ്ടായി.

ഇതിനെല്ലാം എച്ച്.ആർ.ഡി.എസ് പാലക്കാട് ഓഫീസിലെ ജീവനക്കാർ സാക്ഷികളാണ്. സ്വപ്‌ന വാർത്താസമ്മേളനം വിളിച്ച് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘത്തിന് മൊഴി കൊടുക്കാൻ തയ്യാറാണ്. പി.വി.അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.