
ന്യൂഡൽഹി: ഹരിയാനയിൽ ആദ്യ പട്ടികയിൽ സീറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പി നേതാക്കൾ നിരാശ പ്രകടിപ്പിച്ചും നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചും രംഗത്ത്. ഹരിയാന ഒ.ബി.സി മോർച്ച അദ്ധ്യക്ഷ സ്ഥാനം രാജിവച്ച മുൻ മന്ത്രി കരൺ ദേവ് കാംബോജ്, ഒരു യോഗത്തിനിടെ മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചതിന്റെ വീഡിയോ പുറത്തുവന്നു. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിഷമത്തിൽ മുതിർന്ന നേതാവ് കവിത ജെയിൻ സോനിപത്തിൽ അനുയായികളുടെ മുന്നിൽ പൊട്ടിക്കരയുന്ന വീഡിയോയും ഇറങ്ങി. ടിക്കറ്റ് നിഷേധിക്കപ്പെട്ടതിൽ രോഷാകുലനായ കാംബോജിനെ അനുനയിപ്പിക്കാൻ എത്തിയപ്പോഴാണ് മുഖ്യമന്ത്രി സൈനിയുടെ ഹസ്തദാനം അവഗണിച്ചത്.മുഖ്യമന്ത്രിയുടെ അടുത്തെത്തുമ്പോൾ കാംബോജ് കൈ പിൻവലിക്കുന്നതാണ് വീഡിയോയിൽ. സൈനി കൈ പിടിക്കാൻ ശ്രമിക്കുമ്പോൾ വഴുതി മാറാനും ശ്രമിക്കുന്നുണ്ട്.ബി.ജെ.പിക്ക് വിശ്വസ്തരെ ആവശ്യമില്ലെന്നും വർഷങ്ങളോളം സേവിച്ചവരെ അവഗണിച്ച് ഒരു ദിവസം മുമ്പ് ചേർന്ന നേതാക്കൾക്ക് ടിക്കറ്റ് നൽകുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.രണ്ടു വർഷം വീട്ടുകാരെപ്പോലും മറന്ന് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച തന്നെയാണ് അവഗണിച്ചതെന്ന് കവിതാ ജെയിൻ അനുയായികളുടെ യോഗത്തിൽ വിതുമ്പലോടെ പറഞ്ഞു. ഹോസ്റ്റലിൽ താമസിക്കുന്ന മകളെ രണ്ട് വർഷമായി കണ്ടിട്ടില്ല. അഞ്ച് വർഷമായി പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുകയാണ്. ടിക്കറ്റ് നിഷേധിക്കപ്പെട്ട ശശി രഞ്ജൻ പർമർ ഒരു അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞു. ടിക്കറ്റ് ലഭിക്കുമെന്ന് ആളുകൾക്ക് ഉറപ്പുനൽകിയിരുന്നു. ഇനി എന്തുചെയ്യും, താൻ നിസ്സഹായനാണെന്നും ശശി പറഞ്ഞു.