
ന്യൂഡൽഹി: ഉത്തർപ്രദേശിലെ രണ്ട് പ്രമുഖ നഗരങ്ങളായ ആഗ്ര, വാരാണസി, പ്രയാഗ്‌രാജ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് വരുന്നു. പ്രശസ്ത ടൂറിസം കേന്ദ്രമായ ആഗ്രയ്ക്കും തീർത്ഥാടന കേന്ദ്രമായ വാരണാസിക്കും ഇടയിൽ 573 കിലോമീറ്റർ ദൂരം ഏഴുമണിക്കൂറിനുള്ളിൽ എത്താമെന്നതാണ് പ്രത്യേകത. അതിനാൽ താജ്മഹലും വാരാണസിയും കാണാനെത്തുന്ന ടൂറിസ്റ്റുകൾക്ക് പ്രയോജനപ്പെടും. ആഗ്ര കാന്റ് സ്റ്റേഷനിൽ നിന്ന് രാവിലെ ആറുമണിക്ക് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് ഒരു മണിക്ക് വാരാണസി ജംഗ്ഷനിലെത്തും. തുണ്ട്ല, ഇറ്റാവ, കാൺപൂർ, പ്രയാഗ്രാജ് എന്നിവയാണ് ഇടയ്ക്കുള്ള സ്റ്റേഷനുകൾ. വാരണാസി ജംഗ്ഷനിൽ നിന്ന് തിരിച്ച് വൈകിട്ട് 3.20ന് പുറപ്പെട്ട് രാത്രി 10:20ന് ആഗ്രയിൽ മടങ്ങിയെത്തും. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും.