ajith

ന്യൂഡൽഹി : യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും യുക്രെയിനും ഇന്ത്യയുടെ മദ്ധ്യസ്ഥത തേടിയതിന് പിന്നാലെ,​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൂതനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സമാധാന ചർച്ചകൾക്ക് മോസ്കോയിലേക്ക്.

അടുത്തിടെ മോദി റഷ്യയിൽ പ്രസിഡന്റ് പുട്ടിനെയും യുക്രെയിനിൽ പ്രസിഡന്റ് സെലെൻസ്‌കിയെയും സന്ദ‌ർശിച്ചപ്പോൾ സമാധാന നിലപാട് ആവർത്തിച്ചിരുന്നു. പുട്ടിനും സെലെൻസ്‌കിയും ഇന്ത്യ മദ്ധ്യസ്ഥത വഹിക്കണമെന്ന സന്ദേശവും നൽകിയിരുന്നു. മോദി ആഗസ്റ്റ് 27ന് പുടിനുമായി ഫോണിൽ നടത്തിയ ചർച്ചയിലാണ് അജിത് ഡോവലിനെ അയയ്ക്കാൻ ധാരണയായത്. ആഗോള നയതന്ത്രത്തിൽ ലോകം ഉറ്റുനോക്കുന്ന നിർണായക ദൗത്യത്തിനാണ് മോദി വിശ്വസ്‌തനായ ഡോവലിനെ നിയോഗിച്ചിരിക്കുന്നത്.

നാളെയും മറ്റന്നാളും മോസ്കോയിൽ ബ്രിക്സ് രാജ്യങ്ങളുടെ ദേശീയ സുരക്ഷാസമ്മേളനത്തിൽ ഡോവലിന്റെ പ്രധാനദൗത്യം സമാധാന ചർച്ചയാണ്. ബ്രിക്സ് കൂട്ടായ്‌മയിലെ റഷ്യ,​ ചൈന,​ ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളുമായി ഡോവൽ ചർച്ച നടത്തും.

ചൈനീസ് വിദേശകാര്യമന്ത്രി വാങ്-യിയുമായുള്ള ചർച്ച പ്രധാനമാണ്.

ഇന്ത്യ വേണം

ഇന്ത്യ, ചൈന, ബ്രസീൽ രാജ്യങ്ങൾ മദ്ധ്യസ്ഥരാവുന്നതിൽ പുട്ടിൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ സമാധാന പ്രക്രിയയിലേക്ക് വരണമെന്ന് സെലെൻസ്‌കിയും അഭ്യർത്ഥിച്ചു. ജൂണിൽ സ്വിറ്റ്സർലൻഡ് സമാധാന ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ ഇന്ത്യ ഒപ്പിട്ടിരുന്നില്ല. ഒക്ടോബർ - നവംബറിലെ ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും യൂറോപ്യൻ യൂണിയനും ഇന്ത്യയുടെ മദ്ധ്യസ്ഥത ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ആഗോള സമാധാന ദൗത്യം

വിദേശകാര്യമന്ത്രി ജയശങ്കർ ഇപ്പോൾ സൗദി, ജർമ്മനി, സ്വിറ്റ്സർലൻഡ് സന്ദർശനത്തിലാണ്. മോദി ഈ മാസം അമേരിക്കയിലെത്തും. ഒക്ടോബറിൽ ബ്രിക്സ് ഉച്ചകോടിക്ക് വീണ്ടും റഷ്യ സന്ദർശിക്കും. ഇവിടങ്ങളിലെല്ലാം യുക്രെയിൻ - റഷ്യ സമാധാനം ചർച്ചയാക്കും.

സമാധാനപക്ഷത്ത്

'ഇത് യുദ്ധത്തിന്റെ കാലമല്ല' എന്ന് പുടിനോട് മോദി വ്യക്തമായി പറഞ്ഞു. സെലൻസ്‌കിയോടും സമാധാനത്തിനുള്ള പ്രതിബദ്ധത ആവ‌ർത്തിച്ചു.

ഇന്ത്യയെ പോലൊരു ജനാധിപത്യ രാജ്യം റഷ്യയ്‌ക്കും യുക്രെയിനും ഇടയിലുള്ള വെറും പോസ്റ്റോഫീസല്ല. എല്ലാ പക്ഷത്തോടും സംസാരിക്കാൻ പ്രാപ്തിയുള്ള മോദിക്ക് സമാധാന പ്രക്രിയയെ നയിക്കാനും സമാധാന ഉച്ചകോടിയുടെ ആതിഥേയനാവാനും കഴിയും

--ഒലെക്സാണ്ടർ ജോളിഷ്ചുക്,​ യുക്രെയിൻ അംബാസഡർ

ഡോവൽ ചാണക്യൻ

നിർണായക നയതന്ത്ര നീക്കങ്ങൾക്ക് അപാര കഴിവാണ്.

ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായി മൂന്നാം ടേം. ക്യാബിനറ്റ് റാങ്കാണ്.

1968 ബാച്ച് ഐ.പി.എസ് ഓഫീസർ

 2005ൽ ഇന്റലിജൻസ് മേധാവിയായി വിരമിച്ചു

 2014 മുതൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്

ഇറാഖിൽ ഐ.എസ് ഭീകരർ ബന്ദികളാക്കിയ 46 മലയാളി നഴ്സുമാരെ മോചിപ്പിക്കുന്നതിൽ നിർണായക പങ്ക്

ബലാകോട്ട് പാക് ഭീകര കേന്ദ്രങ്ങളിൽ മിന്നലാക്രമണത്തിന്റെ സൂത്രധാരൻ