
ന്യൂഡൽഹി : ഒരു കേസിൽ ജുഡീഷ്യൽ കസ്റ്രഡിയിലാണെങ്കിലും മറ്റൊരു കേസിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ തടസമില്ലെന്ന് സുപ്രീംകോടതി. പ്രതിയുടെ അവകാശമാണത്. അങ്ങനെ ജാമ്യാപേക്ഷ എത്തിയാൽ കോടതികൾക്ക് ജാമ്യം അനുവദിക്കാനും തടസമില്ല. ജാമ്യം ലഭിച്ചാൽ ആ കേസിൽ അറസ്റ്റ് രേഖപ്പെടുത്താൻ പാടില്ല. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചില്ലെങ്കിൽ നിയമനിർമ്മാണ സഭകൾ മുന്നോട്ടുവച്ച ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധമാകും. ഓരോ കേസും പ്രത്യേകമായി തന്നെ കാണണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഒരു തട്ടിപ്പുകേസിൽ സമാന സാഹചര്യത്തിലുള്ള മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമോയെന്ന വിഷയമാണ് പരിഗണിച്ചത്.