e

ന്യൂഡൽഹി: സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരിക-മാനസിക പീഡനം നടന്നുവെന്ന് തെളിയിക്കാനായില്ലെങ്കിൽ സ്ത്രീധനപീഡനമരണക്കുറ്റത്തിൽ ശിക്ഷ നൽകാനാകില്ലെന്ന് സുപ്രീംകോടതി. വിവാഹം കഴിഞ്ഞ് ഏഴു വർഷത്തിനകം ഭർതൃവീട്ടിൽ ഭാര്യ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചതുകൊണ്ട് മാത്രം പ്രതികളെ ശിക്ഷിക്കാനാകില്ല. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യ ക്രൂരതയ്‌ക്ക് ഇരയായെന്ന് തെളിയിക്കേണ്ടത് അനിവാര്യമാണെന്ന് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ,​ ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ സ്ത്രീധനപീഡനമരണക്കേസിൽ വിചാരണക്കോടതി ഭർത്താവിനും,​ ഭർതൃമാതാവിനും,​ ഭർതൃസഹോദരിക്കും ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു. കൽക്കട്ട ഹൈക്കോടതി ശിക്ഷ ശരിവച്ചു. ഇതിനെതിരെ പ്രതികൾ സമർപ്പിച്ച ഹർജി പരിഗണിച്ച സുപ്രീംകോടതി,​ ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കി. പകരം,​ ആത്മഹത്യാപ്രേരണയ്‌ക്ക് ഭർത്താവിന് മാത്രം മൂന്നുവർഷം തടവും,​ 25000 രൂപ പിഴയും വിധിച്ചു. ഭർതൃസഹോദരിയെ കുറ്റവിമുക്തയാക്കി. ഭർതൃമാതാവ് മരിച്ചിരുന്നു.ഭർത്താവും ഭർതൃവീട്ടുകാരും യുവതിയെ സ്ത്രീധനത്തിനായി ക്രൂരതയ്‌ക്ക് ഇരയാക്കിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ആ നിലയിൽ സാക്ഷിമൊഴികളുമില്ല. വിചാരണക്കോടതിക്കും ഹൈക്കോടതിക്കും പിഴവ് പറ്റിയെന്നും കൂട്ടിച്ചേർത്തു. 2006 മേയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.