
ന്യൂഡൽഹി: കോഴിക്കോട്ടെ കെ.എം.സി.ടി മെഡിക്കൽ കോളേജിന് അനുവദിച്ച അധിക സീറ്റുകൾ പിൻവലിച്ച നാഷണൽ മെഡിക്കൽ കമ്മിഷന് (എൻ.എം.സി) സുപ്രീംകോടതി 10 ലക്ഷം രൂപ പിഴ വിധിച്ചു. കോളേജിന്റെ പ്രവർത്തനത്തിന് അനുകൂലമായി നിലപാടെടുത്ത കേരള ഹൈക്കോടതി വിധി റദ്ദാക്കണമെന്ന എൻ.എം.സിയുടെ ആവശ്യം തള്ളി.
പിഴത്തുക അഞ്ചുലക്ഷം വീതം സുപ്രീകോടതി അഡ്വക്കേറ്റ്സ് ഒൺ റെക്കോർഡ് അസോസിയേഷനിലും സുപ്രീംകോടതി ബാർ അസോസിയേഷന്റെ അഭിഭാഷക ക്ഷേമനിധിയിലും കെട്ടിവയ്‌ക്കണം. നീതിയുക്തമായാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ പ്രവർത്തിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
2023-24 അദ്ധ്യയനവർഷത്തിൽ 150ൽ നിന്ന് 250ലേക്ക് മെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിക്കാൻ കോളേജിന് അനുമതി നൽകിയെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.