
ന്യൂഡൽഹി: ഈ മാസം 18ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കാശ്മീരിൽ വിവിധ ഇടങ്ങളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കത്വ ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരെ വെടിവച്ചു കൊന്നു. സൈന്യത്തിന്റെ പാരാ, 22 ഗർവാൾ റൈഫിൾസ്, ജമ്മു കാശ്മീർ പൊലീസ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഇന്നലെ പുലർച്ചെ അഖ്‌നൂർ സെക്ടറിൽ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പിൽ ഒരു ബി.എസ്.എഫ് സൈനികന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് മേഖലയിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി. ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അർദ്ധസൈനിക വിഭാഗവും പൊലീസും പ്രദേശം വളയുകയായിരുന്നു. തുടർന്ന് ഭീകരർ വെടിയുതിർത്തു. ഭീകരരുടെ പക്കൽ വൻ ആയുധശേഖരമുണ്ടെന്നാണ് റിപ്പോർട്ട്. സൈനികർ സുരക്ഷിതരാണെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കും. പത്ത് വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കാശ്മീരിൽ അക്രമ സംഭവങ്ങൾ പതിവാണ്.