e

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ ‌ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി ഈ മാസം 25 വരെ നീട്ടി. റൗസ് അവന്യു കോടതിയുടേതാണ് നടപടി. തീഹാർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് മുഖേനയാണ് കേജ്‌രിവാളിനെ ഹാജരാക്കിയത്. കുറ്റപത്രത്തിന്റെ പകർപ്പ് കേജ്‌രിവാളിന് കൈമാറാമെന്ന് സി.ബി.ഐ ഉറപ്പുനൽകി. കുറ്റപത്രം നേരത്തെ വിചാരണക്കോടതി സ്വീകരിച്ചിരുന്നു. കേസിലെ കൂട്ടുപ്രതിയും ആം ആദ്മി പാർട്ടി എം.എൽ.എയുമായ ദുർഗേഷ് പതകിന് കോടതി ഇന്നലെ ജാമ്യം അനുവദിച്ചു.

 വ്യവസായിക്ക് ജാമ്യം

ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി കേസിലെ പ്രതിയും ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യവസായിയുമായ അരുൺ രാമചന്ദ്രൻ പിള്ളയ്‌ക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണയുടേതാണ് നടപടി. 2023 മാർച്ചിലാണ് അരുണിനെ ഇ.ഡി അറസ്റ്റ് ചെയ്‌തത്. തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.