
ന്യൂഡൽഹി: സിക്കുകാർക്ക് രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യുഎസിൽ നടത്തിയ പരാമർശത്തിൽ ബി.ജെ.പി പിന്തുണയുള്ള സിക്ക് സമുദായക്കാരുടെ പ്രതിഷേധം. രാഹുൽ താമസിക്കുന്ന, സോണിയാ ഗാന്ധിയുടെ 10 ജൻപഥ് വസതിയിലേക്കുള്ള പ്രകടനം പൊലീസ് തടഞ്ഞു.
കോൺഗ്രസ് ഭരണകാലത്തേക്കാൾ ബി.ജെ.പി സർക്കാരിന് കീഴിൽ തങ്ങൾ സുരക്ഷിതരാണെന്നും രാഹുൽ ഗാന്ധി മാപ്പു പറയണമെന്നും അവർ ആവശ്യപ്പെട്ടു.സിക്കുകാർക്ക് ഇന്ത്യയിൽ തലപ്പാവ് ധരിക്കാനും ഗുരുദ്വാരയിൽ പോകാനും സ്വാതന്ത്ര്യമില്ലെന്നായിരുന്നു രാഹുലിന്റെ പരാമർശം.
രാഹുൽ വിദേശത്ത് ദേശവിരുദ്ധ പരാമർശങ്ങൾ നടത്തുന്നത് പതിവാണെന്നും പ്രതിപക്ഷ നേതാവിന്റെ പദവിയിലിരിക്കുമ്പോൾ അത് ഗൗരവമുള്ളതാണെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കുടുംബം അധികാരത്തിൽ ഇരുന്ന സമയത്താണ് സിക്ക് സമുദായം അരക്ഷിതത്വവും അസ്തിത്വ ഭീഷണിയും നേരിട്ടതെന്നും
1984-ലെ സിക്ക് വിരുദ്ധ കലാപത്തെ പരാമർശിച്ച് മന്ത്രി പറഞ്ഞു.
വിദേശ പര്യടനത്തിനിടെ പറയുന്ന കാര്യങ്ങൾ ലജ്ജാകരവും ഇന്ത്യയുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്നതുമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രസ്താവനയും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
സംവരണ പ്രസ്താവനയും വിവാദത്തിൽ
രാജ്യം നന്നാകുമ്പോൾ സംവരണം നിർത്തലാക്കുന്നത് ആലോചിക്കുമെന്ന രാഹുലിന്റെ പരാമർശത്തെയും ബി.ജെ.പി വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ സംവരണവിരുദ്ധ നിലപാട് പുറത്തുവന്നെന്ന് ബി.ജെ.പി ആരോപിച്ചു.
പ്രാദേശികത, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്ന കോൺഗ്രസിന്റെ രാഷ്ട്രീയമാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വെളിപ്പെടുത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി.ബി.ജെ.പി ഉള്ളിടത്തോളം ആർക്കും സംവരണം നിർത്തലാക്കാനോ രാജ്യ സുരക്ഷയിൽ വെള്ളം ചേർക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരും ജാതി സംവരണത്തിന് എതിരായിരുന്നുവെന്ന് ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു.