r

ന്യൂഡൽഹി: അശാന്തി തുടരുന്ന മണിപ്പൂരിൽ നിന്ന് രണ്ട് കമ്പനി അസാം റൈഫൾസിനെ പിൻവലിച്ചതിൽ വൻപ്രതിഷേധവുമായി കുക്കി വിഭാഗം. കാങ്പോക്പി നഗരത്തിൽ നൂറുകണക്കിന് സ്ത്രീകൾ തടിച്ചുകൂടി. മേഖലയിലെ സൈനിക പോസ്റ്റുകളിൽ നിന്ന് അസാം റൈഫിൾസ് അംഗങ്ങൾ പോകുന്നത് തടയാൻ റോഡുകളിൽ കുത്തിയിരുന്നു. തീരുമാനം കേന്ദ്രസർക്കാർ പുനഃപരിശോധിച്ചില്ലെങ്കിൽ കാങ്പോക്പിയിലെ എല്ലാ അസാം റൈഫൾസ് ക്യാമ്പുകളും ഉപരോധിക്കുമെന്ന് കുക്കി വിഭാഗം പ്രഖ്യാപിച്ചിരുന്നു.

സുരക്ഷാസേനകളിൽ അസാം റൈഫിൾസ് മാത്രമാണ് പക്ഷപാതമില്ലാതെ പെരുമാറുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. അസാം റൈഫിൾസിന് പകരം 2000 സി.ആർ.പി.എഫ് ജവാന്മാർ സംസ്ഥാനത്തെത്തി. ജാർഖണ്ഡിലും തെലങ്കാനയിലെ വാറംഗലിലും ക്യാമ്പ് ചെയ്‌തിരുന്ന രണ്ട് ബറ്റാലിയനുകളെ വിമാനമാർഗം അടിയന്തര സ്വഭാവത്തോടെ എത്തിക്കുകയായിരുന്നു.

 കർഫ്യു തുടരുന്നു

ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബൽ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ച കർഫ്യു തുടരുകയാണ്. അഞ്ച് ജില്ലകളിൽ ഇന്റർനെറ്റിനുള്ള നിരോധനം ഈ മാസം 15 വരെ നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. ഇന്നലെ തെരുവുകൾ വിജനമായിരുന്നു. സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ കുറവായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ട്.

 കേന്ദ്രത്തെ കുറ്റപ്പെടുത്തി കോൺഗ്രസ്

മണിപ്പൂരിന്റെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക് കാരണം കേന്ദ്രസർക്കാരാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിഷയം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരാജയപ്പെട്ടു. അമിത് ഷായെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്താത്തതിനെയും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനഥെ ചോദ്യംചെയ്‌തു.