
അഷിതി മുഖ്യമന്ത്രിയായേക്കും
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യത്തിലിറങ്ങിയ ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഡൽഹി മുഖ്യമന്ത്രി സ്ഥാനമൊഴിയും. മുതിർന്ന നേതാക്കളും മന്ത്രിമാരുമായ അതിഷി, ഗോപാൽ റായ്, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെലോട്ട് എന്നിവരുടെ പേരുകളാണ് പകരം പരിഗണനയിൽ. അഷിതിക്കാണ് കൂടുതൽ സാദ്ധ്യത.
രാവിലെ 11.30ന് കേജ്‌രിവാളിന്റെ വസതിയിൽ നിയമസഭാകക്ഷി യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. വൈകിട്ട് 4.30ന് ലെഫ്‌റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയ്‌ക്ക് രാജിക്കത്ത് നൽകും. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കേജ്‌രിവാളിന്റെ വസതിയിൽ ഇന്നലെ രാവിലെ മുതൽ മാരത്തോൺ യോഗങ്ങളാണ് നടന്നത്. വൈകിട്ട് രാഷ്ട്രീയകാര്യ യോഗവും ചേർന്നു.
മദ്യനയക്കേസിൽ പ്രതിചേർക്കപ്പെട്ട തന്റെ സത്യസന്ധത ജനങ്ങൾ തെളിയിക്കുമെന്ന് വ്യക്തമാക്കിയാണ് രാജി. തിഹാർ ജയിലിലായിരുന്ന കേജ്‌രിവാളിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ജാമ്യമനുവദിച്ചത്. ഞായറാഴ്ചയാണ് നാടകീയമായ രാജി പ്രഖ്യാപനം. ഡൽഹിയിൽ നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. വരുന്ന ഫെബ്രുവരിക്കുള്ളിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.
രണ്ടാം രാജി
മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കേജ്‌രിവാളിന്റെ രണ്ടാം രാജി
2014ൽ ആദ്യ സർക്കാരിനെ കോൺഗ്രസ് കാലുവിരിയപ്പോൾ രാജിവച്ചു
2015 ,2020 തിരഞ്ഞെടുപ്പുകളിൽ വൻഭൂരിപക്ഷം നേടി മുഖ്യമന്ത്രിപദത്തിൽ
ജനം പിന്തുണച്ചാൽ അടുത്ത തിഞ്ഞെടുപ്പിൽ തിരിച്ചെത്തും
അരവിന്ദ് കേജ്‌രിവാൾ
രാജി അനിവാര്യമാണ്. ബാക്കിയെല്ലാം പി.ആർ സ്റ്റണ്ട്
ബി.ജെ.പി