
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടിസ്ഥാനരഹിതമായ കള്ളക്കഥകൾ മെനഞ്ഞ് വിചാരണ കോടതിയിൽ സമർപ്പിച്ച തെളിവുകൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
ദിലീപ് വിചാരണ നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നു. വിചാരണ സമയത്ത് സ്ഥിരമായി ഹാജരാകാത്ത ആറു പ്രതികൾക്കു വേണ്ടി സ്വന്തം അഭിഭാഷകൻ വഴി അവധി അപേക്ഷ നൽകുന്നു. പൾസർ സുനിക്കെതിരെ ചുമത്തപ്പെട്ടത് ഗുരുതര ആരോപണങ്ങളാണ്. ജാമ്യം ലഭിച്ചാൽ ലൈംഗിക ആക്രമണത്തിന്റെ വീഡിയോ കാട്ടി അതിജീവിതയെ ഭീഷണിപ്പെടുത്തി വിചാരണ നടപടികളെ അട്ടിമറിക്കാൻ സാദ്ധ്യതയുണ്ട്. പ്രതി സംസ്ഥാനം വിടാൻ സാദ്ധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ മൊഴി ഹാജരാക്കാൻ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
വരുന്നൂ, പുതിയ
സിനിമാ സംഘടന
കൊച്ചി: മലയാള സിനിമയിൽ നിലവിലുള്ള സംഘടനകൾക്ക് ബദലായി മുഴുവൻ മേഖലകളെയും പ്രതിനിധീകരിക്കുന്ന പുതിയ സംഘടനയ്ക്ക് രൂപം നൽകാൻ ഒരു സംഘം ചലച്ചിത്ര പ്രവർത്തകർ. 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്' എന്നാകും പേര്. സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിൽ നിന്ന് രാജിവച്ച സംവിധായകൻ ആഷിഖ് അബു, സംവിധായകരായ അഞ്ജലി മേനോൻ, രാജീവ് രവി, ലിജോ ജോസ് പെല്ലിശേരി, നടി റിമ കല്ലിങ്കൽ, ബിനിഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണിത്.
സമത്വം, സഹകരണം, സാമൂഹികനീതി എന്നീ മൂല്യങ്ങൾ അടിസ്ഥാനമാക്കുന്ന സംഘടന തൊഴിലാളികളുടെയും നിർമ്മാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്ന് അവർ പ്രസ്താവനയിൽ അറിയിച്ചു. സിനിമ വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാനുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കും. ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്വവും സ്വീകരിച്ച് മലയാള സിനിമ വ്യവസായത്തെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരണമെന്നും അവർ വ്യക്തമാക്കി.
ഫെഫ്കയിൽ നിന്നുൾപ്പെടെ കൂടുതൽപേർ പുതിയ സംഘടനയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ സംഘടനകളിലുയർന്ന ഭിന്നതകളാണ് പുതിയ സംഘടനയ്ക്ക് വഴിതെളിച്ചത്.