kappan

ന്യൂഡൽഹി : യു.എ.പി.എ കേസിൽ ജാമ്യം അനുവദിക്കവേ,​ എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് വ്യവസ്ഥ വച്ചത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചു. ഹാത്റസിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണിത്. കാപ്പന്റെ അപേക്ഷയിൽ ജസ്റ്റിസ് പി.എസ്. നരസിംഹ,​ ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെ‌ഞ്ച് ഉത്തർപ്രദേശ് സർക്കാരിനോട് നിലപാട് തേടി. രണ്ടാഴ്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.

2020 ഒക്ടോബറിലാണ് ഹാത്റസിലേക്ക് പോകുകയായിരുന്ന സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. 2022 സെപ്‌തംബർ ഒൻപതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേരളത്തിലേക്ക് പോകാൻ അനുമതി നൽകിയെങ്കിലും എല്ലാ തിങ്കളാഴ്ച്ചയും ലോക്കൽ പൊലീസ് സ്റ്റേഷനിലെത്തി രജിസ്റ്ററിൽ ഒപ്പുവയ്‌ക്കണമെന്ന് നിർദ്ദേശിച്ചു. 2022 ഡിസംബറിൽ ഇ.ഡി കേസിൽ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ 2023 ഫെബ്രുവരിയിൽ ജയിൽമോചിതനായി കേരളത്തിലെത്തി. കാപ്പൻ എല്ലാ തിങ്കളാഴ്ച്ചയും മലപ്പുറം വേങ്ങരയിലെ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കുകയാണ്.