kejriwal-atishi

മകളിൽ രാഷ്‌ട്രീയ ഭാവി മുൻകൂട്ടി കണ്ടിട്ടോ എന്തോ,​ അതിഷി സിംഗ് എന്ന പേരിന് മാർക്‌സിന്റെയും ലെനിന്റെയും പേരുകൾ ചേർത്തുവച്ച് 'മാർലെന"എന്ന മദ്ധ്യനാമം കൂടി അച്ഛൻ നല്കിയത്! നൽകി. ആംആദ്‌മി പാർട്ടിയിൽ ഉന്നത പദവിയിലേക്കുയർന്നപ്പോഴാണ് പേരിലെ ആ നടുക്കഷണം അതിഷി ഉപേക്ഷിച്ചത്.

അരവിന്ദ് കേജ്‌രിവാൾ എന്ന സുപ്രീം കമാൻഡർ നയിക്കുന്ന ആം ആദ്‌മി പാർട്ടി മദ്യനയ അഴിമതി ആരോപണങ്ങൾ മൂലം വൻ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. കേജ്‌രിവാളും പാർട്ടിയിലെ രണ്ടാമനും മുൻ ഉപമുഖ്യമന്ത്രിയുമായ സിസോദിയയും ജാമ്യത്തിലിറങ്ങിയെങ്കിലും കേസിന്റെ കുരുക്കഴിഞ്ഞിട്ടില്ല. കേസ് ജനങ്ങളിലും അവമതിപ്പുണ്ടാക്കി. അതിന്റെ ആഴമറിയാൻ പാർട്ടിയുടെ ശക്തികേന്ദ്രമായ ഡൽഹിയിലെ അടുത്ത തിരഞ്ഞെടുപ്പു വരെ കാത്തിരിക്കണം. ആ ലിറ്റ്മസ് ടെസ്റ്റിനു മുൻപ് പാർട്ടിയെ മുഖംമിനുക്കി,​ കേടു പരിഹരിക്കാൻ കേജ്‌രിവാൾ നടത്തുന്ന രാഷ്‌ട്രീയ നീക്കങ്ങളുടെ ഭാഗമാണ് മുഖ്യമന്ത്രി പദവിയിലെ രാജി.

2015 മുതൽ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പദം കേജ്‌രിവാളിനെപ്പോലൊരു രാഷ്‌ട്രീയ തന്ത്രജ്ഞൻ വെറുതെ ഒരാൾക്ക് കൈമാറില്ലല്ലോ. ഭരണത്തിന്റെ റിമോട്ട് കൺട്രോൾ കൈയിലുണ്ടാകുമെങ്കിലും മുഖ്യമന്ത്രി എല്ലാ അർത്ഥത്തിലും പിൻഗാമിയും അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടി ജയിച്ചാൽ തനിക്കായി ഒഴിഞ്ഞു തരുന്ന ആളുമാകണം (ജാർഖണ്ഡിൽ ജെ.എം.എം നേതാവ് ഹേമന്ത് സോറന് ചമ്പൈ സോറനും,​ ബീഹാറിൽ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന് ജിതിൻ മാഞ്ചിയും ഇറങ്ങാതെ ബുദ്ധിമുട്ട് സൃഷ്ടിച്ച കഥകളുണ്ടല്ലോ).

പ്രായം കുറഞ്ഞ

പിൻഗാമി

മാർച്ചിൽ തന്റെ അറസ്റ്റിനു ശേഷം പാർട്ടിയെയും സർക്കാരിനെയും യഥാർത്ഥത്തിൽ നയിച്ച പാർട്ടിയുടെ തീപ്പൊരി നേതാവ് അതിഷി സിംഗ് എന്ന നാല്പത്തിമൂന്നുകാരിയെ തന്നെയാണ് കേജ്‌രിവാൾ പിൻഗാമിയാക്കിയത്. അക്കാഡമിക് മികവ്, നേതൃപാടവം, ഭരണപരിചയം, നിലപാടുകളിൽ ഉറച്ചുനിന്ന് എതിരാളികളെ നിലയ്‌ക്കുനിർത്താനുള്ള കഴിവ്: ഡൽഹിയുടെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മുഖ്യമന്ത്രിയെ ഇങ്ങനെ വിലയിരുത്താം.

കേജ്‌രിവാളും ആംആദ്‌മി പാർട്ടിയും സമരങ്ങളിലൂടെയാണല്ലോ ജനഹൃദയങ്ങളിൽ ഇടം നേടിയത്. ഡൽഹി മുഖ്യമന്ത്രിയായ ശേഷവും കേന്ദ്രസർക്കാരുമായി പോരാട്ടം തുടർന്നാണ് കേജ്‌രിവാൾ ഇവിടംവരെ എത്തിയത്. ഇക്കഴിഞ്ഞ ജൂണിൽ ജലക്ഷാമം രൂക്ഷമായ ഡൽഹിക്ക് ബി.ജെ.പി ഭരിക്കുന്ന ഹരിയാന കുടിവെള്ളം നൽകാത്തതിന് നിരാഹാര സമരം നടത്തിയ അതിഷിയും ആ പാരമ്പര്യവും തീപ്പൊരിയും കെടാതെ സൂക്ഷിക്കുമെന്ന് കേജ്‌രിവാളിനറിയാം. ഇത്തരമൊരു സമരത്തിലൂടെയാണല്ലോ അവർ പാർട്ടിയുടെ ഭാഗമായതും. മദ്യനയക്കേസ് ഉയർത്തി ബി.ജെ.പി തൊടുക്കുന്ന കൂരമ്പുകൾക്ക് പത്രസമ്മേളനങ്ങളിൽ ഉരുളയ്ക്കുപ്പേരി കണക്കിന് മറുപടിയും വിശദീകരണവും നൽകുന്ന വക്താവുമാണ് അവർ. കേജ‌്‌രിവാളിനെപ്പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയുമൊക്കെ ആക്രമിക്കാനും മടിയില്ല.

അറിഞ്ഞിട്ട

ആ പേര്

1981 ജൂൺ എട്ടിന് ഡൽഹിയിലെ പഞ്ചാബി കുടുംബത്തിലാണ് ജനനം. മാതാപിതാക്കളായ വിജയ് സിംഗും ത്രിപ്ത വാഹിയും ഡൽഹി സർവകലാശാലാ പ്രൊഫസർമാരായിരുന്നു. മകളിൽ രാഷ്‌ട്രീയ ഭാവി മുൻകൂട്ടി കണ്ടിട്ടാണോ എന്നറിയില്ല,​ പിതാവ് മകൾക്ക് അതിഷി എന്നതിനൊപ്പം കമ്മ്യൂണിസ്റ്റ് നേതാക്കളായ മാർക്‌സിന്റെയും ലെനിന്റെയും പേരുകൾ ചേർത്ത 'മാർലെന" എന്ന മദ്ധ്യനാമവും നൽകി. ആംആദ്‌മി പാർട്ടിയിൽ ഉന്നത പദവിയിലേക്കുയർന്നപ്പോൾ 'മാർലെന" അവർ ഉപേക്ഷിച്ചു.

ഡൽഹി സ്പ്രിംഗ്ഡെയ്ൽസ് സ്കൂൾ, സെന്റ് സ്റ്റീഫൻസ് കോളേജ് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം. തുടർന്ന് 2005-ൽ റോഡ്‌സ് സ്‌കോളർ ആയി മഗ്‌ഡലൻ കോളേജിലും പഠിച്ചു.

സമരങ്ങളിലൂടെ

രംഗപ്രവേശം

പഠനത്തിനു ശേഷം ആന്ധ്രാപ്രദേശിലെ റിഷി വാലി സ്കൂളിൽ ചരിത്രവും ഇംഗ്ലീഷും പഠിപ്പിച്ച അതിഷി യു.പി.എ സർക്കാരിന്റെ കാലത്ത് ഡൽഹി ജന്ദർമന്ദറിൽ ഗാന്ധിയൻ അന്നാ ഹസാരെയ്‌ക്കൊപ്പം അരവിന്ദ് കേജ്‌രിവാൾ നടത്തിയ അഴിമതിവിരുദ്ധ സമര പോരാട്ടങ്ങളുടെ ഭാഗമായിരുന്നു. 2013 ജനുവരിയിൽ ആംആദ്മി പാർട്ടിയിൽ ചേർന്നു. 2015-ൽ മദ്ധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിൽ അലോക് അഗർവാളിനൊപ്പം ജല സത്യഗ്രഹ സമരത്തിൽ തിളങ്ങിയ അതിഷിയിലെ തീപ്പൊരി തിരിച്ചറിഞ്ഞ കേജ്‌രിവാൾ പാർട്ടിയുടെ നയരൂപീകരണം അടക്കം പ്രധാന ഉത്തരാവാദിത്വങ്ങൾ ഏൽപ്പിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, കിഴക്കൻ ഡൽഹിയുടെ ചുമതല.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈസ്റ്റ് ഡൽഹിയിൽ സ്ഥാനാർത്ഥി. ബി.ജെ.പിയുടെ ഗൗതം ഗംഭീർ ജയിച്ച മത്സരത്തിൽ മൂന്നാം സ്ഥാനത്തായെങ്കിലും തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയ യാത്രയിലെ നാഴികക്കല്ലായി. ദക്ഷിണ ഡൽഹിയിലെ പഞ്ചാബി വോട്ടർമാർ ഏറെയുള്ള കൽക്കാജി മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥി ധരംബീർ സിംഗിനെതിരെ 11,422 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച് നിയമസഭയിലേക്ക്.

ഡൽഹി സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെയും വൻ വിജയമായ മൊഹല്ലാ ക്ളിനിക്കുകളുടെയും ചുമതലകളുമായി അണിയറയിൽ സജീവം. പാർട്ടി നിലപാടുകൾ ഉറക്കെപ്പറഞ്ഞ് മികച്ച വക്താവുമായി. മദ്യനയക്കേസിൽ മനീഷ് സിസോദിയയും ഹവാലാ കേസിൽ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും രാജിവച്ച ഒഴിവിൽ മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോൾ പാർട്ടി സൗരഭ് ഭരദ്വാജിനൊപ്പം അതിഷിയെയും മന്ത്രിയാക്കി. വിദ്യാഭ്യാസം, ധനം, നിയമം, ടൂറിസം തുടങ്ങിയവ അടക്കം പതിന്നാലോളം വകുപ്പുകളും കൈകാര്യം ചെയ്‌ത മിടുക്കുമായാണ് അതിഷി മുഖ്യമന്ത്രിക്കസേരയിലേക്ക് വരുന്നത്.

കേജ്‌രിവാളും ആംആദ്‌മിയും നേരിട്ട വെല്ലുവിളികൾ അതിഷിയുടെയും മുന്നിലുണ്ട്. സമ്പൂർണ സംസ്ഥാന പദവിയില്ലാത്തതിനാൽ കേന്ദ്രസർക്കാരിന്റെ നോമിനിയായ ലെഫ്റ്റനന്റ് ഗവർണറുമായി കൊമ്പു കോർക്കേണ്ടിവരും. അടുത്ത കൊല്ലമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം മാർക്കിടുക മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയുടെ പ്രകടനവും കൂടി നോക്കിയാകും. വക്താവും മന്ത്രിയും നേരിട്ടതിനേക്കാൾ കൊടിയ ആക്രമണങ്ങളുണ്ടാകും. കേജ്‌രിവാളും സിസോദിയയുമൊക്കെ പിന്നിലുണ്ടെങ്കിലും കല്ലും മുള്ളും നിറഞ്ഞ പാതയാണ് മുന്നിൽ. വിദ്യാഭ്യാസ വിചക്ഷണനും ഗവേഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രവീൺ സിംഗ് ആണ് ഭർത്താവ്.