srilanka

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ 2022ൽ മരുന്നും ഇന്ധനവുമടക്കം അവശ്യവസ്‌തുക്കൾക്ക് ക്ഷാമം നേരിട്ടതും, നിയന്ത്രണം വിട്ട ജനം പ്രസിഡന്റിന്റെ കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയതുമെല്ലാം മറക്കാൻ ശ്രമിക്കുകയാണ് ശ്രീലങ്ക. സെപ്‌തംബർ 21ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിധിയെഴുതുന്നതും പ്രതിസന്ധികളില്ലാത്ത നാളെ സ്വപ്‌നം കണ്ടുകൊണ്ടാണ്.


38 സ്ഥാനാർത്ഥികളിൽ പ്രമുഖർ

 പ്രസിഡന്റ് റെനിൽ വിക്രമസിംഗെ: ജനരോക്ഷത്തിൽ രാജ്യംവിട്ടോടിയ മുൻ പ്രസിഡന്റ് ഗോതബായയിൽ നിന്ന് ഭരണമേറ്റെടുത്ത് സാമ്പത്തിക പ്രതിസന്ധിക്ക് താത്‌ലിക ആശ്വാസമുണ്ടാക്കി. യുണൈറ്റഡ് നാഷണൽ പാർട്ടി (യു.എൻ.പി) നേതാവാണെങ്കിലും സ്വതന്ത്രനായി മത്സരിക്കുന്നു. 2022ലെ പ്രതിസന്ധി പരിഹരിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നു. ചിഹ്നം ഗ്യാസ് സിലിണ്ടർ (2022ൽ ക്ഷാമകാലത്ത് ജനം ഗ്യാസ് സിലിണ്ടറുകളുമായി റോഡുകൾ ഉപരോധിച്ചിരുന്നു). 2022ലെ പ്രതിഷേധം അടിച്ചമർത്തിയത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം.

 സജിത് പ്രേമദാസ: പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാഗി ജന ബലവേഗ (എസ്.ജെ.ബി) സ്ഥാനാത്ഥി. നിലവിലെ പ്രതിപക്ഷ നേതാവ്. തമിഴ് വംശജരുടെയടക്കം ശക്തമായ ജനപിന്തുണ. രാജ്യത്തെ എക്‌സിക്യൂട്ടീവ് പ്രസിഡൻസി നിറുത്തലാക്കുമെന്നും ഐ.എം.എഫ് ഇടപാടുകൾ പുനഃപരിശോധിക്കുമെന്നും ജീവിതച്ചെലവ് ലഘൂകരിക്കാൻ നികുതി കുറയ്ക്കുമെന്നും വാഗ്‌ദാനം.

 അനുര കുമാര ദിസനായകെ: പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് നയിക്കുന്ന ഇടതുപക്ഷ ചായ്‌വുള്ള നാഷണൽ പീപ്പിൾസ് പവർ (എൻ.പി.പി) സഖ്യത്തിന് കീഴിൽ ജനതാ വിമുക്തി പെരമുനയുടെ (ജെ.വി.പി) സ്ഥാനാർത്ഥി. 2019 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്ന് ശതമാനം വോട്ട് മാത്രം നേടിയ അനുര ഇന്ന് ശക്തൻ. യുവ വോട്ടർമാരുടെ പിന്തുണ.

യു.എൻ.പിയും എസ്.എൽ.പി.പിയും ആധിപത്യം പുലർത്തിയ രാഷ്ട്രീയ ക്രമത്തെ പൊളിച്ചെഴുതിയ എൻ.പി.പി പ്രമുഖ മൂന്നാം മുന്നണി.

നമൽ രാജപക്‌സെ: രാജപക്‌സെ കുടുംബ പാരമ്പര്യവുമായി ശ്രീലങ്ക പൊതുജന പെരമുന (എസ്.എൽ.പി.പി) സ്ഥാനാർത്ഥി. മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മകനും 2022ലെ ജനകീയ പ്രതിഷേധത്തിൽ അധികാരം നഷ്‌ടപ്പെട്ട ഗോതബായയുടെ മരുമകനും. ഗോതബായ ബന്ധം എതിർഘടകം.

പി. അരിയനേത്രൻ: തമിഴ് പാർട്ടികളുടെ പൊതു സ്ഥാനാർത്ഥി.

 റെനിൽ-സജിത് പ്രേമദാസ-അനുര കുമാര ദിസനായകെ എന്നിവർ തമ്മിലുള്ള ത്രികോണപ്പോര് ശക്തം. 50 ശതമാനം ഭൂരിപക്ഷ വോട്ട് നേടിയില്ലെങ്കിൽ വിജയിയെ നിശ്‌ചയിക്കുക മുൻഗണനാ വോട്ടുകൾ.

ഇന്ത്യയ്ക്ക് നിർണായകം

ജനതാ അരഗലയ: ഇന്ധനം, പാൽപ്പൊടി, ഗ്യാസ്, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയുടെ ക്ഷാമത്തെ തുടർന്നുണ്ടായ 2022ലെ ജനകീയ പ്രക്ഷോഭം. സ്വജനപക്ഷപാത രാഷ്ട്രീയം, മുൻ ഭരണകൂടങ്ങളുടെ അഴിമതി എന്നിവയുടെ അനന്തരഫലം. നിലവിൽ സാമ്പത്തിക പ്രവർത്തനങ്ങൾ സജീവം. ടൂറിസം ശക്തമായി തിരിച്ചുവരുന്നു. വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഗണ്യമായ ഉയർച്ച. സാമ്പത്തിക പ്രതിസന്ധിക്ക് സ്ഥിരപരിഹാരം കണ്ടെത്തൽ പുതിയ പ്രസിഡന്റിനുള്ള പ്രധാന വെല്ലുവിളി.

 ന്യൂനപക്ഷ വോട്ടുകൾ: ന്യൂനപക്ഷ തമിഴ്, മുസ്ളീം സമുദായങ്ങൾ രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ നിർണായകം. പ്രമുഖ സ്ഥാനാർത്ഥികളെല്ലാം സിംഹളർ.

 ജനരോക്ഷത്തിൽ രാജ്യംവിട്ടോടിയ മുൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ഇന്ത്യ അനുകൂലി. റെനിൽ വിക്രമസിംഗെയും ഇന്ത്യയുമായി അടുപ്പം പുലർത്തി. ഇന്ത്യയോട് ചേർന്നുകിടക്കുന്ന തന്ത്രപരമായ പ്രാധാന്യമുള്ള ശ്രീലങ്കയിൽ മേധാവിത്വം നേടാൻ ചൈന ശ്രമിക്കുന്നതിനാൽ പ്രസിസന്റ് തിരഞ്ഞെടുപ്പിന് നയതന്ത്ര പ്രാധാന്യമേറെ.