d

ന്യൂഡൽഹി: രാജ്യ വികസനത്തിന് എല്ലാ മേഖലകളിലും സ്‌ത്രീ പങ്കാളിത്തം ഉറപ്പാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ 74-ാം പിറന്നാൾ ദിനത്തിന്റെയും മൂന്നാം മോദി സർക്കാർ 100 ദിവസം തികച്ചതിന്റെയും ഭാഗമായി ഒഡീഷയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് രാജ്യവും സംസ്ഥാനവും പുരോഗതി പ്രാപിക്കുന്നത് സ്ത്രീശക്തിക്ക് തുല്യ പങ്കാളിത്തം ലഭിക്കുമ്പോഴാണെന്ന് സ്ത്രീകൾക്കായുള്ള ഒഡീഷ സർക്കാരിന്റെ 'സുഭദ്ര’ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. സ്ത്രീകളുടെ പുരോഗതി, ശാക്തീകരണം എന്നിവ പ്രധാനമാണ്. സുഭദ്ര പദ്ധതി ഒരു കോടിയിലധികം സ്ത്രീകൾക്ക് പ്രയോജനപ്പെടും. 50,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ആർ.ബി.ഐ ഡിജിറ്റൽ കറൻസി പദ്ധതിയുമായി ബന്ധിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് ലക്ഷത്തിലധികം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ഫണ്ട് കൈമാറ്റത്തിനും തുടക്കമിട്ടു.

ഗ്രാമീണർ, ദളിതർ, ആദിവാസികൾ, സ്ത്രീകൾ, യുവാക്കൾ, ഇടത്തരം കുടുംബങ്ങൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ സ്വപ്നങ്ങൾ ഇനി സാക്ഷാത്കരിക്കപ്പെടുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വാഗ്ദാനങ്ങൾ അതിവേഗം നിറവേറ്റപ്പെടുന്നു. ശ്രീ ജഗന്നാഥ പുരി ക്ഷേത്രത്തിന്റെ നാല് വാതിലുകളും രത്നശാലയും തുറന്നു. രാജ്യത്തുടനീളമുള്ള 30 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പക്കാ വീടുകൾ കൈമാറി. ആദിവാസി കുടുംബത്തിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തെന്നും അവരുടെ സന്തോഷവും സംതൃപ്തിയും മറക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 2800 കോടിയിലധികം രൂപയുടെ റെയിൽവേ പദ്ധതികൾ, 1000 കോടിയിലധികം രൂപയുടെ ദേശീയ പാത പദ്ധതികൾ എന്നിവയ്‌ക്ക് മോദി തറക്കല്ലിട്ടു. 14 സംസ്ഥാനങ്ങളിൽ ഭവന പദ്ധതിയായ പി.എം.എ.വൈ-ജിയുടെ കീഴിലുള്ള 10 ലക്ഷത്തോളം ഗുണഭോക്താക്കൾക്കുള്ള ആദ്യ സഹായ ഗഡു വിതരണവും ഉദ്ഘാടനം ചെയ്‌തു. 26 ലക്ഷം ഗുണഭോക്താക്കൾക്കുള്ള ഗൃഹപ്രവേശ ആഘോഷവും നടന്നു. ഗുണഭോക്താക്കൾക്ക് വീടിന്റെ താക്കോൽ കൈമാറി, പദ്ധതിയുമായി ബന്ധപ്പെട്ട ആവാസ് + 2024 ആപ്പും പുറത്തിറക്കി. ഒഡീഷ ഗവർണർ രഘുബർ ദാസ്, ഒഡീഷ മുഖ്യമന്ത്രിമോഹൻ ചരൺ മാഞ്ചി എന്നിവർ പങ്കെടുത്തു.

ചീഫ് ജസ്റ്റിസിന്റെ വസതിയിലെ

ആഘോഷം: ഭിന്നിപ്പിക്കാൻ ശ്രമം

ചിലർ മതത്തിന്റെയും ജാതിയുടെയും പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഒഡീഷയിലെ ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. സുപ്രീകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശോത്സവത്തിൽ പങ്കെടുത്തത് വിവാദമായത് പരാമർശിച്ച അദ്ദേഹം ചില വിഭാഗങ്ങൾക്കിടയിലുള്ള വൈരാഗ്യവും സമൂഹത്തെ വിഷലിപ്തമാക്കുന്ന വിദ്വേഷ ചിന്തയും മാനസികാവസ്ഥയും അങ്ങേയറ്റം അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി.

രാജ്യത്തെ പിന്നോട്ടടിക്കുന്ന വെല്ലുവിളികളിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഗണേശോത്സവം രാജ്യത്തിന് കേവലം വിശ്വാസത്തിന്റെ ഉത്സവമല്ല. വിഭജിച്ചു ഭരിച്ച ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയെ ഒന്നിപ്പിച്ച ഉത്സവമാണ്. സമൂഹത്തെ ഭിന്നിപ്പിക്കുകയും തകർക്കുകയും ചെയ്യുന്ന അധികാരമോഹികൾ ഇന്ന് ഗണേശപൂജയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാക്കുന്നു. ഞാൻ പൂജയിൽ പങ്കെടുത്തതിന്റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോൺഗ്രസും ഒപ്പമുള്ളവരും രോഷാകുലരാണ്. അവരുടെ സർക്കാർ അധികാരത്തിലുള്ള കർണാടകയിൽ, ഗണപതിയുടെ വിഗ്രഹത്തെ അപമാനിച്ചു. ഇത്തരം വിദ്വേഷ ശക്തികളെ മുന്നോട്ട് പോകാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.