r

ന്യൂഡൽഹി: 2021ലെ നാഗാലാൻഡ് ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ 30 കരസേനാ ഉദ്യോഗസ്ഥർക്കെതിരെയുള്ള ക്രിമിനൽ കേസ് നടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി. നാഗാലാൻഡ് പൊലീസിലെ പ്രത്യേകസംഘം (എസ്.ഐ.ടി) അന്വേഷിക്കുന്ന കേസുകളാണിത്. ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം 2023ൽ കേന്ദ്രസർക്കാർ നിരസിച്ചിരുന്നു. കേന്ദ്രം പ്രോസിക്യൂഷൻ അനുമതി നൽകുകയാണെങ്കിൽ കേസിനെ യുക്തിസഹമായ തീർപ്പിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം,കുറ്രാരോപിതർക്കെതിരെ വകുപ്പുതല നടപടിയെടുക്കാൻ കരസേനയ്‌ക്ക് ഈ വിധി തടസമല്ലെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്,പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ആംഡ് ഫോഴ്സസ് സ്‌പെഷ്യൽ പവേഴ്സ് ആക്‌ട് (അഫ്സ്‌പ) പ്രകാരം കരസേനാ ഉദ്യോഗസ്ഥർക്ക് നിയമപരിരക്ഷയുണ്ടെന്നും,പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി അനിവാര്യമാണെന്നും കാട്ടി കുറ്റാരോപിതന്റെ ഭാര്യ ഉൾപ്പെടെ സമർപ്പിച്ച ഹ‌ർജികൾ പരിഗണിച്ചാണ് വിധി.

 കൊല്ലപ്പെട്ടത് 14 സിവിലിയൻസ്

2021 ഡിസംബർ നാലിനായിരുന്നു വൻവിവാദമായ സംഭവം. നാഗാലാൻഡിലെ ഒട്ടിംഗ് ഗ്രാത്തിൽ ഭീകരരെന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികൾ സഞ്ചരിച്ച പിക്ക് അപ്പ് ട്രക്കിന് നേർക്ക് കരസേനാ സംഘം വെടിവച്ചുവെന്നാണ് ആരോപണം. ആറുപേർ തത്ക്ഷണം കൊല്ലപ്പെട്ടു. പിന്നാലെ മേഖലയിൽ വ്യാപക സംഘർഷമുണ്ടായി. അക്രമങ്ങൾ തടയാൻ സേന നടത്തിയ വെടിവയ്പ്പിൽ എട്ടു സിവിലയൻസ് കൂടി കൊല്ലപ്പെട്ടു.