one-election

മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്രത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ല

അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം

സമവായത്തിന് സർക്കാർ

ന്യൂഡൽഹി:പാർലമെന്റിലേക്കും നിയമസഭകളിലേക്കും അഞ്ചു വർഷത്തിലൊരിക്കൽ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന നിർദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പഞ്ചായത്തുകൾക്കും ബാധകമാണ്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശയാണിത്.

നവംബറിൽ തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. എന്ന് നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

കേവല ഭൂരിപക്ഷം മാത്രമുള്ളതിനാൽ പാസാക്കുക എളുപ്പമല്ല. അഞ്ച് ഭരണഘടനാ വകുപ്പുകളിൽ ഭേദഗതി വേണം. ഇരു സഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ പാസാക്കണം. മൂന്നിൽ രണ്ട് നിയമസഭകളും അംഗീകരിക്കണം. നിയമസഭകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കാലാവധി ഉൾപ്പെടുന്നതിനാലാണ് നിയമസഭകളുടെ അംഗീകാരം വേണ്ടിവരുന്നത്.

അംഗീകരിക്കില്ലെന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആംആദ്‌മി പാർട്ടി, ഇടതു കക്ഷികൾ അടക്കം പ്രതിപക്ഷം വ്യക്തമാക്കി. മായാവതിയുടെ ബി.എസ്.പി പിന്തുണച്ചു.

ഭേദഗതി വേണ്ട ഭരണഘടനാ വകുപ്പുകൾ

# 83 - പാർലമെന്റിന്റെ കാലാവധി

# 85 - പാർലമെന്റ് സമ്മേളനം ചേരൽ

#172 - നിയമസഭകളുടെ കാലാവധി

#174 -നിയമസഭകൾ പിരിച്ചുവിടൽ

# 356 - രാഷ്ട്രപതിഭരണം ഏർപ്പെടുത്തൽ

`എതിർക്കുന്ന കോൺഗ്രസ്, ഡി.എം.കെ, സമാജ്‌വാദി, ആം ആദ്മി, സി.പി.എം, സി.പി.ഐ, തൃണമൂൽ തുടങ്ങി 47 പാർട്ടികളുമായും ചർച്ച നടത്തും.'

-അശ്വനി വൈഷ്‌ണവ്,

കേന്ദ്ര മന്ത്രി

`ജനാധിപത്യം നിലനിൽക്കണമെങ്കിൽ ആവശ്യാനുസരണം തിരഞ്ഞെടുപ്പ് നടത്തണം.'

-മല്ലികാർജ്ജുന ഖാർഗെ,

കോൺഗ്രസ് അദ്ധ്യക്ഷൻ

സർക്കാർ വീണാൽ

തൂക്ക് സഭ വന്നാലോ സർക്കാർ വീണാലോ ശേഷിക്കുന്ന കാലത്തേക്ക് തിരഞ്ഞെടുപ്പ്. 2029ലെ തിരഞ്ഞെടുപ്പിനു ശേഷം 2030ൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നാൽ പുതിയ സർക്കാർ 2034 വരെ മാത്രം.

ഇലക്‌ഷൻ കമ്മിഷൻ നിർദ്ദേശങ്ങൾ

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിമാരോ അവിശ്വാസത്തിൽ പുറത്തായാൽ വീണ്ടും തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ പുതിയ നേതാവിനെ നിർദ്ദേശിക്കണം. ആ നേതാവ് ഉടൻ വിശ്വാസ വോട്ട് നേടണം

സഭകൾ നേരത്തേ പിരിച്ചു വിട്ടാൽ ശേഷിക്കുന്ന കാലയളവിലേക്ക് സർക്കാർ രൂപീകരിക്കാനായി മാത്രം തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താനായി നിലവിലുള്ള നിയമസഭകളുടെ കാലാവധി കുറയ്ക്കുകയോ നീട്ടുകയോ ചെയ്യണം.

സാമ്പത്തിക ലാഭം

ഉദ്യോഗസ്ഥരുടെയും സുരക്ഷാസേനയുടെയും വിന്യാസം ഉൾപ്പെടെ ഒരുക്കങ്ങളിൽ സർക്കാരിന് വൻ സാമ്പത്തിക ലാഭം.

രാഷ്‌ട്രീയ പാർട്ടികൾക്ക് പ്രചാരണച്ചെലവ് ലാഭിക്കാം

പല തവണ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പെരുമാറ്റച്ചട്ടം പലതവണ നിലവിൽ വരും. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങളും വികസന പദ്ധതികളും നിശ്ചലമാവും

ഒറ്റ തിരഞ്ഞെടുപ്പാകുമ്പോൾ പോളിംഗ് വർദ്ധിക്കും. പല തവണ തിരഞ്ഞെടുപ്പ് വോട്ടർമാർക്ക് മടുപ്പുണ്ടാക്കും.