
ന്യൂഡൽഹി: ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായി നടന്നു. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് വോട്ടിംഗ് നില 61.11 ശതമാനം കടന്നു. അന്തിമകണക്ക് വരുമ്പോൾ മാറ്റം വന്നേക്കും. മുൻ മുഖ്യമന്ത്രി മെഹ്ബൂബ മെഹ്ബൂബ മുഫ്‌തി ബിജ്ബെഹാര ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തില്ല.
കേന്ദ്രസേന, ജമ്മു കാശ്‌മീർ പൊലീസ്, ആംഡ് പൊലീസ് എന്നിവയടങ്ങുന്ന ത്രിതല സുരക്ഷയാണ് താഴ്‌വരയിൽ ഏർപ്പെടുത്തിയത്.
പ്രത്യേക പദവി (അനുച്ഛേദം 370) കേന്ദ്രസർക്കാർ എടുത്തുക്കളഞ്ഞതിന് ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പാണിത്. 2022ൽ മണ്ഡല പുനർനിർണയ പ്രക്രിയയും നടന്നിരുന്നു. അനന്തനാഗ്,പുൽവാമ,ഷോപിയൻ,രാജ്പോറ തുടങ്ങി 24 മണ്ഡലങ്ങളാണ് ഇന്നലെ ബൂത്തിലെത്തിയത്. ജമ്മുവിലെ എട്ടും കാശ്‌മീരിലെ പതിനാറും മണ്ഡലങ്ങൾ. 219 സ്ഥാനാർത്ഥികളാണുള്ളത്. 24 മണ്ഡലങ്ങളിലുമായി 23 ലക്ഷത്തോളം വോട്ടർമാരാണ് രജിസ്റ്റർ ചെയ്‌തിരുന്നത്.
ശ്രിഗുഫ്‌വാര-ബിജ്ബെഹാര മണ്ഡലത്തിൽ മത്സരിക്കുന്ന മെഹ്ബൂബ മുഫ്‌തിയുടെ മകൾ ഇൽതിജ മുഫ്‌തി, കുൽഗാമിൽ പോരാടുന്ന സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർത്ഥികൾ. 90 സീറ്രിലേക്ക് മൂന്നുഘട്ടമായാണ് വോട്ടിംഗ് നിശ്ചയിച്ചിരിക്കുന്നത്. വരുന്ന 25നാണ് രണ്ടാംഘട്ടം. ഒക്ടോബർ ഒന്നിന് മൂന്നാംഘട്ടം. ഒക്ടോബർ എട്ടിന് വോട്ടെണ്ണും. ബി.ജെ.പിയും പി.ഡി.പിയും ആം ആദ്മി പാർട്ടിയും ഒറ്രയ്‌ക്കാണ് മത്സരിക്കുന്നത്. 'ഇന്ത്യ" സഖ്യത്തിന് കീഴിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും സീറ്റ് ധാരണയുണ്ടാക്കിയിരുന്നു.
ജനാധിപത്യത്തിന്റെ ഉത്സവം ശക്തിപ്പെടുത്താൻ യുവ, കന്നി വോട്ടർമാർ ഉൾപ്പെടെ ബൂത്തിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചിരുന്നു.
കിഷ്‌ത്വാറിൽ
വോട്ടർമാരുടെ ഒഴുക്ക്
ജമ്മു മേഖലയിലെ കിഷ്‌ത്വാർ മണ്ഡലത്തിൽ 80.14 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ദോഡയിൽ 71.34 ശതമാനം. കുറവ് വോട്ടുനില പുൽവാമയിലാണ് - 46.65 ശതമാനം. അന്തിമകണക്കിൽ മാറ്റംവന്നേക്കും.
2014ൽ 21സീറ്റിലേക്ക്
2014ലാണ് ഒടുവിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 21 സീറ്രിലേക്കായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തിയുടെ പി.ഡി.പി 11 ഇടത്ത് വിജയിച്ചു. ബി.ജെ.പിയും കോൺഗ്രസും നാലുസീറ്റ് വീതം നേടി. നാഷണൽ കോൺഫറൻസും സി.പി.എമ്മും ഓരോ സീറ്റിൽ വിജയം നേടി.