r

ന്യൂഡൽഹി : 45 ശതമാനം സംസാര വൈകല്യമുള്ള വിദ്യാർത്ഥിക്ക് എം.ബി.ബി.എസ് പ്രവേശനം നൽകാൻ നാഷണൽ മെഡിക്കൽ കമ്മിഷന് നിർദ്ദേശം നൽകി സുപ്രീംകോടതി. വിദ്യാർത്ഥിയുടെ ആവശ്യം ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. മെഡിക്കൽ ബോർഡ് വിദ്യാർത്ഥിക്ക് അനുകൂലമായി നിലപാടെടുത്തിരുന്നു. 40 ശതമാനമോ അതിലധികമോ വൈകല്യമുള്ളവർക്ക് എം.ബി.ബി.എസ് പ്രവേശനം അനുവദിക്കേണ്ടതില്ലെന്നാണ് മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ തീരുമാനം. ഇത് മൗലികാവകാശ ലംഘനമാണെന്ന് വിദ്യാർത്ഥിയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മെഡിക്കൽ കരിയർ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാരുടെ കാര്യത്തിൽ അനുകമ്പയോടെയുള്ള സമീപനം അനിവാര്യമാണെന്ന് നാഷണൽ മെഡിക്കൽ കമ്മിഷനെ കോടതി ഓർമ്മിപ്പിച്ചു. കർശനമായ ചട്ടങ്ങൾ പറഞ്ഞ് അവസരങ്ങൾ നിഷേധിക്കരുത്. ഇത്തരം വിഷയങ്ങളിൽ ഇടപെടുമ്പോൾ ജാഗ്രത പുലർത്തണമെന്നും കൂട്ടിച്ചേർത്തു.