e

ന്യൂഡൽഹി : കേരളത്തിലെ അടക്കം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിൽ കേന്ദ്രസർക്കാർ തീരുമാനം നീളുന്നതിനിടെ, വിഷയം ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

സുപ്രീംകോടതി കൊളീജിയം നിർദ്ദേശിച്ച പേരുകളുമായി ബന്ധപ്പെട്ട 'സുപ്രധാന' വിവരങ്ങൾ കൈമാറാമെന്ന് അറ്രോർണി ജനറൽ ആർ. വെങ്കട്ടരമണി അറിയിച്ചിരുന്നു. പിന്നാലെ മൂന്നുപേരുടെ നിയമന ശുപാർശയിൽ, കൊളീജിയം മാറ്റങ്ങൾ വരുത്തിയിരുന്നു. കേസ് ഒരാഴ്ച്ച മാറ്റണമെന്ന് അറ്റോ‌ർണി ജനറൽ ഇന്നലെ ആവശ്യപ്പെട്ടെങ്കിലും, ഇന്ന് അക്കാര്യം പറയാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.

കൊളീജിയം ശുപാർശകളിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിന് സമയപരിധി നിശ്ചയിക്കണമെന്ന ഹർജികളാണ് പരിഗണിക്കുന്നത്.

ജമ്മു കാശ്‌മീർ - ലഡാക്ക് ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്‌തിരുന്ന ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സുരേഷ് കുമാർ കൈതിനെ മദ്ധ്യപ്രദേശ് ചീഫ് ജസ്റ്റിസാക്കാനാണ് പുതിയ ശുപാർശ. മേഘാലയ ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്‌തിരുന്ന ജസ്റ്റിസ് ടാഷി റബ്സ്റ്റാനെ ജമ്മു കാശ്‌മീർ - ലഡാക്ക് ചീഫ് ജസ്റ്റിസാക്കണം. മദ്ധ്യപ്രദേശ് ചീഫ് ജസ്റ്റിസായി നിർദ്ദേശിച്ചിരുന്ന ജസ്റ്രിസ് ജി.എസ്. സന്ധാവാലിയയെ ഹിമാചൽ ചീഫ് ജസ്റ്റിസാക്കണം. അതേസമയം, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ മധുകർ ജാംധാറിനെ നിർദ്ദേശിച്ചത് മാറ്റിയിട്ടില്ല.

 ജാർഖണ്ഡ് സുപ്രീംകോടതിയിൽ

ജാർഖണ്ഡ് ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിൽ കേന്ദ്രസർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇക്കാര്യം ചീഫ് ജസ്റ്റിസ് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആ ഹർജിയെപ്പറ്റി അറിയില്ലെന്നും കേന്ദ്ര തീരുമാനം ഉടനുണ്ടാകുമെന്നും അറ്രോർണി ജനറൽ മറുപടി നൽകി. ഹിമാചൽ ചീഫ് ജസ്റ്റിസ് എം.എസ്. രാമചന്ദ്രറാവുവിനെ ജാർഖണ്ഡ് ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റണമെന്ന് കഴിഞ്ഞ ജൂലായിൽ സുപ്രീംകോടതി കൊളീജിയം കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നു.