
വയനാട് സ്വദേശി റിൻസൺ ജോസിന്റെ കമ്പനിക്ക് ബന്ധം
ന്യൂഡൽഹി : ലെബനനെ നടുക്കി ഇസ്രയേൽ
നടത്തിയ പേജർ സ്‌ഫോടന പരമ്പരയിൽ മലയാളിയായ റിൻസൺ ജോസിന്റെ (39) പങ്ക് അന്വേഷിച്ച് അന്താരാഷ്‌ട്ര ഏജൻസികൾ.
വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയായ റിൻസൺ ജോസ് നോർവേ പൗരനാണ്. തലസ്ഥാനമായ ഓസ്ലോയിൽ കുടുംബസമേതം സ്ഥിര താമസം. സ്‌ഫോടന പരമ്പര തുടങ്ങിയ 17 മുതൽ റിൻസണിന്റെ വിവരങ്ങൾ ലഭ്യമല്ല. ഒളിവിലാണെന്നും അതല്ല, യു.എസിൽ ബിസിനസ് യാത്രയിലാണെന്നും റിപ്പോർട്ടുണ്ട്.
നോർവേ, ബൾഗേറിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ ഏജൻസികൾ റിൻസന്റെ കമ്പനിയായ നോർട്ട ഗ്ലോബൽ ലിമിറ്റഡിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. പേജറുകളുടെ സപ്ലൈ ശൃംഖലയിൽ കമ്പനി ഉണ്ടോയെന്നാണ് സംശയം. പേജറുകൾക്ക് കമ്പനി വഴി പണം കൈമാറിയെന്നും റിപ്പോർട്ടുണ്ട്.
റിൻസണിന്റെ കമ്പനികൾ
നോർട്ട ഗ്ലോബൽ ലിമിറ്റഡ്, നോർട്ട ലിങ്ക്. രജിസ്ട്രേഷൻ ബൾഗേറിയയിൽ. സോഫിയ നഗരത്തിലെ ബഹുനില മന്ദിരമാണ് വിലാസം. ഇപ്പോൾ ഓഫീസിന്റെ അടയാളങ്ങൾ അവിടെയില്ല. വെബ്സൈറ്റ് വ്യാഴാഴ്ച നീക്കി. സേവനങ്ങൾ : കൺസൾട്ടിംഗ്, സാങ്കേതിക സഹായം, റിക്രൂട്ട്മെന്റ്, ഔട്ട്സോഴ്സിംഗ്.
അന്വേഷിക്കുന്നത്
1. പേജർ പാർട്ടുകൾ തായ്‌വാനിൽ നിന്ന് ബൾഗേറിയയിൽ എത്തിച്ചു
2. പേജറുകൾ വിൽക്കാൻ സൗകര്യമൊരുക്കി
3. 16 ദശലക്ഷം യൂറോയുടെ ( 15കോടി രൂപ ) ഇടപാട് നടത്തി
4. ഹംഗറിയിലേക്ക് പേജറുകൾ കയറ്റിവിട്ടു
ലെബനനിൽ രൂക്ഷമായ വ്യോമാക്രമണം ( ഡെക്ക്)
ഹിസ്ബുള്ളയെ പ്രഹരിച്ച് ഇസ്രയേൽ
ബെയ്റൂട്ട്: പേജർ,വാക്കി ടോക്കി സ്ഫോടനപരമ്പരയ്‌ക്ക് പിന്നാലെ തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇന്നലെ ഇസ്രയേലിന്റെ അതിരൂക്ഷമായ വ്യോമാക്രമണം. എട്ട് പേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു.
വടക്കൻ അതിർത്തിയിലെ ഇസ്രയേൽ പട്ടണമായ മെതുലയിൽ വൻ നാശം വിതച്ച് ഹിസ്ബുള്ള 150 റോക്കറ്റുകൾ വർഷിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ മാരക പ്രഹരം. ഗാസ യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേൽ ഹിസ്ബുള്ളയ്‌ക്ക് നേരെ നടത്തിയ ഏറ്റവും രൂക്ഷമായ ആക്രമണമാണിത്.
ഹിസ്ബുള്ളയുടെ ഉന്നത നേതാവ് സയ്യദ് ഹസൻ നസറുള്ള ടെലിവിഷനിൽ പ്രസംഗിക്കുമ്പോഴായിരുന്നു ഇസ്രയേൽ യുദ്ധവിമാനങ്ങൾ ഇരച്ചെത്തിയത്.
തെക്കൻ ലെബനനിൽ ഹിസ്ബുള്ള ശക്തി കേന്ദ്രമായ ദാഹിയേയിൽ ഇസ്രയേലിനെ പ്രഹരിക്കാൻ വിന്യസിച്ചിരുന്ന ആയിരത്തോളം റോക്കറ്റുകൾ തകർത്തു. ഹിസ്ബുള്ളയുടെ നിരവധി കെട്ടിടങ്ങളും ആയുധ ഡിപ്പോയും തകർത്തു.
ഉന്നതനെ വധിച്ചു
ദാഹിയേയിൽ ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഇബ്രാഹിം അഖീലിനെ ഇസ്രയേൽ വ്യോമാക്രമണത്തിൽ വധിച്ചു. 1983ൽ 241 യു.എസ് സൈനികർ കൊല്ലപ്പെട്ട ബെയ്റൂട്ടിലെ മറൈൻ ബാരക്ക് ബോംബാക്രമണത്തിന്റെ ബുദ്ധികേന്ദ്രമാണ് അഖീൽ.