
ന്യൂഡൽഹി: ശ്രീരാമൻ വനവാസത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ സീത അഗ്നിപരീക്ഷ നേരിട്ട സാഹചര്യമാണ് തനിക്കെന്നും അതിൽ ജയിച്ച് ഡൽഹി മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നും ആം ആദ്മി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ.
യമുനാനഗറിലെ ജഗധാരി മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആംആദ്മി സ്ഥാനാർത്ഥി ആദർശ് പാൽ സിംഗിന് വേണ്ടി റോഡ് ഷോയും നടത്തി.
സത്യസന്ധമായ പാർട്ടിയാണ് ഞങ്ങളുടേത്. ജയിലിൽ നിന്ന് തിരിച്ചെത്തിയപ്പോൾ മുഖ്യമന്ത്രി കസേരയിൽ ഇരിക്കാമായിരുന്നു. പക്ഷേ ഞാൻ തയ്യാറായില്ല. സീതാമാതാവിനെ പോലെ അഗ്നിപരീക്ഷയിലൂടെ കടന്നുപോകാൻ ഞാനും തീരുമാനിച്ചു. ഞാൻ സത്യസന്ധനാണെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് തോന്നിയാൽ മാത്രമേ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കൂ. കേജ്‌രിവാൾ അഴിമതിക്കാരനാണെന്ന് കരുതുന്നെങ്കിൽ വോട്ട് ചെയ്യരുതെന്ന് ഹരിയാനക്കാരോടും അദ്ദേഹം പറഞ്ഞു.
താൻ ജയിലായിരുന്നപ്പോൾ ഡൽഹി അല്ലെങ്കിൽ പഞ്ചാബ് സർക്കാരുകളെ തകർക്കുമെന്ന് അവർ പറഞ്ഞു. തങ്ങളുടെ എം.എൽ.എമാരെ വിലയ്ക്കെടുക്കാൻ ബി.ജെ.പി പരമാവധി ശ്രമിച്ചു. ഒരു എം.എൽ.എയോ ഒരു പ്രവർത്തകനോ പോലും വീണില്ല. അത്രയും സത്യസന്ധമായ പാർട്ടിയാണിത്. അവർ എന്നെ ജയിലിൽ അയച്ചു, ഇപ്പോൾ ഹരിയാനക്കാർ ഹരിയാനയിൽ നിന്ന് അവരെ പുറത്താക്കും. ഹരിയാന ഒരു മാറ്റം തേടുകയാണ്.
ഹരിയാന വിദ്യാഭ്യാസ മന്ത്രി കൻവർ പാൽ ആണ് ജഗധാരിയിൽ ആദർശ് പാലിന്റെ എതിരാളി. ഹരിയാനയിൽ സ്വകാര്യ സ്കൂൾ മാഫിയ ഫീസ് വർദ്ധിപ്പിച്ച് കൊള്ള നടത്തുകയാണ്. ഡൽഹിയിലെ സ്വകാര്യ സ്കൂൾ മാഫിയയെ തടഞ്ഞത് ഹരിയാനയിലും നടപ്പാക്കും. പാർട്ടി ഹരിയാന അദ്ധ്യക്ഷൻ സുശീൽ ഗുപ്തയും പങ്കെടുത്തു.
കേജ്‌രിവാൾ 11 ജില്ലകളിലായി 13 പരിപാടികളിൽ പങ്കെടുക്കും. കോൺഗ്രസുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് എ.എ.പി സഖ്യമില്ലാതെ എല്ലാ സീറ്റിലും മത്സരിക്കുന്നുണ്ട്.
അതിഷി സർക്കാരിന്റെ
സത്യപ്രതിജ്ഞ ഇന്ന്
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ യുവനേതാവ് അതിഷി സിംഗിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയും പദവിയിലിരിക്കുന്ന മൂന്നാമത്തെ വനിതയുമാകും അതിഷി.
കേജ്‌രിവാൾ സർക്കാരിലെ മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെലോട്ട്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവരും സുൽത്താൻ പുർ മജ്റ എം.എൽ.എ മുകേഷ് അഹ്ലാവത്തും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും. ഡൽഹി മദ്യനയക്കേസിൽ ജാമ്യം ലഭിച്ച് പുറത്തു വന്ന കേജ്‌രിവാൾ ജനങ്ങൾ സത്യസന്ധനെന്ന് തെളിയിക്കുന്നത് വരെ പദവിയിൽ തുടരില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പദം രാജിവച്ചോടെയാണ് അതിഷിക്ക് നറുക്കു വീണത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേജ്‌രിവാൾ നാളെ മുതൽ ഡൽഹിയിൽ ജനസമ്പർക്ക പരിപാടി തുടങ്ങും.
അതേസമയം ഡൽഹിയിൽ മുഖ്യമന്ത്രിയായിരിക്കേണ്ടത് കേജ്‌രിവാൾ തന്നെയാണെന്ന് അതിഷി ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉത്തർപ്രദേശിൽ വൈദ്യുതി നിരക്കിൽ 250 ശതമാനം കൂട്ടിയത് രാജ്യതലസ്ഥാന മേഖലയിൽ ജനങ്ങൾക്ക് ദുരിതമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ജനങ്ങൾ കേജ്രിവാളിനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്നും അല്ലെങ്കിൽ ഉത്തർപ്രദേശിൽ നടക്കുന്നത് ഡൽഹിയിലും സംഭവിക്കുമെന്നും അതിഷി വ്യക്തമാക്കി.